
കൊല്ലം: നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മരണം വരെ നീണ്ടുനില്‍ക്കുന്ന ജീവപര്യന്തം കഠിനതടവ്. തമിഴ്നാട് നാഗപ്പട്ടണത്തു നിന്നും കൊല്ലം വെസ്റ്റ്, ലക്ഷമിനട തോട്ടത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വന്ന കലൈവനന്‍ കാമരാജിനെയാണ് കോടതി ശിക്ഷിച്ചത്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് പ്രതിക്ക് ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് 5 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു. 2023 ജൂണ്‍ മാസം കൊല്ലം വെസ്റ്റ് പൊലീസ് പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് സ്പെഷ്യല്‍ ജഡ്ജ് അരവിന്ദ് ബി ഇടയോടി വിധി പ്രസ്താവിച്ചത്.
പെണ്‍കുട്ടിയുമായുണ്ടായിരുന്ന പരിചയം ദുരുപയോഗം ചെയ്യ്ത പ്രതി അതിക്രൂരമായി നിരവധി തവണ കുട്ടിയെ ലൈംഗികവും ശാരീരികവുമായി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം കൊല്ലം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ഷഫീക്കിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ശ്രീലാല്‍, ജെലജ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ശാസ്ത്രീയ തെളിവുകളുടേയും മറ്റ് സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ പഴുതടച്ച അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി അജിത്ത് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. എ.എസ്.ഐ ജയകുമാരി ആണ് പ്രസിക്യൂഷന്‍ സഹായിയായി പ്രവര്‍ത്തിച്ചത്.