അതേസമയം ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും ആരംഭിച്ചു.
പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ , പ്രാദേശികം വിഭാഗങ്ങളുടെ ദർശനവും ക്രമീകരിച്ചിട്ടുണ്ട്.
വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിഷു ദിവസം പുലർച്ചെ മുതൽ തന്നെ കിഴക്കേ നടയിലൂടെ ഭക്തരുടെ സഞ്ചാരം ക്രമീകരിച്ചിട്ടുണ്ട്. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ദർശനം തേടുന്നവർക്ക് വൺവേ സമ്പ്രദായം ഏർപ്പെടുത്തും. തിരക്ക് കുറയുന്നതിണ് അനുസരിച്ച് നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പൊലീസും രംഗത്തുണ്ട്.