തമിഴ്‌നാട്ടിലെ കോടിക്കണക്കിന് സ്ത്രീകൾ ഉറക്കമുണരുന്നതിനും മുൻപേ അക്കൗണ്ടുകളിൽ അയ്യായിരം രൂപ വീതം എത്തിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മാസ്റ്റർ സ്ട്രോക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പദ്ധതികൾ തടയാനുള്ള പ്രതിപക്ഷ നീക്കങ്ങളെ തകർക്കുന്ന ‘സർജിക്കൽ സ്ട്രൈക്ക്’ എന്നാണ് രാഷ്ട്രീയ ലോകം ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. ‘കലൈജ്ഞർ മഗളിർ ഉറിമൈ തൊകൈ’ പദ്ധതി പ്രകാരം 1.31 കോടി സ്ത്രീകൾക്കാണ് വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെ തുക ക്രെഡിറ്റായത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിഹിതമായ 3,000 രൂപയും 2,000 രൂപയുടെ പ്രത്യേക വേനൽക്കാല പാക്കേജും ഉൾപ്പെടെയാണ് 5,000 രൂപ ഓരോ ഗുണഭോക്താവിനും ലഭിച്ചത്.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വരുന്നതോടെ പദ്ധതി തടയാൻ കോടതി വഴിയും മറ്റും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു വേഗത്തിലുള്ള നീക്കം നടത്തിയത്. “അവർ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ദ്രാവിഡ മോഡൽ സർക്കാർ ഒരുപടി മുൻപേ സഞ്ചരിച്ചു” എന്ന് സ്റ്റാലിൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പണം അക്കൗണ്ടുകളിൽ എത്തിയ ശേഷം മാത്രമാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമെ, ഡിഎംകെ വീണ്ടും അധികാരത്തിൽ വന്നാൽ പ്രതിമാസ സഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.