
ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള മുൻ കരസേന തലവൻ ജനറൽ എം എം നരവനേയുടെ ഓർമക്കുറിപ്പുകൾ ഉന്നയിച്ച് സർക്കാറിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ, രാഹുൽ ഇതുന്നയിക്കുന്നത് ഭരണപക്ഷം തടഞ്ഞത് ലോക്സഭയിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം പറയാതെ പിൻമാറില്ലെന്ന് രാഹുൽ കടുത്ത നിലപാടെടുത്തോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തിൽ രണ്ട് തവണ ലോക്സഭ നിർത്തിവച്ച ശേഷം മൂന്നാമത് പുനരാരംഭിച്ചപ്പോൾ പ്രധാനമന്ത്രി മോദിയും അമിത് ഷായും പങ്കെടുക്കാത്തതിൽ രാഹുൽ രൂക്ഷമായ പരിഹാസവും ഉന്നയിച്ചു. മോദിയും ഷായും സഭയിൽ നിന്ന് ഓടിയെന്ന് പരിഹസിച്ച രാഹുൽ, പ്രധാനമന്ത്രിയുടെ 55 ഇഞ്ച് ധൈര്യം എവിടെപ്പോയെന്നും ചോദിച്ചു. അതേസമയം രാഹുൽ സങ്കൽപകഥ മെനഞ്ഞ് സൈന്യത്തെ ഇകഴ്ത്തിക്കാട്ടുകയാണെന്ന് ബി ജെ പി വിമർശിച്ചു.