രണ്ട് കോടിയുടെ കാര്യം അറിയില്ല, തന്ന പണം തിരിച്ചു കൊടുത്തു’…

നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ആന്‍റോ ആന്‍റണി എംപി. തിരഞ്ഞെടുപ്പ് സമയത്ത് ആന്‍റോ ആന്‍റണി രണ്ടുകോടി രൂപ വാങ്ങി എന്നും ഈ പണം തിരികെ നൽകിയില്ലെന്നുമായിരുന്നു ആരോപണം. ഇതിന് മറുപടിയുമായാണ് ആന്‍റോ ആന്‍റണി എംപി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പുകളിൽ ആളുകൾ തന്നെ സഹായിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെയാണ് ചെയ്യാറുള്ളത്. സ്വന്തം കൈയിൽ നിന്നും പണം മുടക്കി ആരും പ്രചാരണം നടത്താറില്ല. അങ്ങനെ നടത്താൻ തന്റെ കയ്യിൽ പണമില്ല. 2019 രാജു യുഡിഎഫ് നേതാവ് ആയിരുന്നു. അന്ന് രാജു സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പണം വാങ്ങുകയും ചെയ്തു. ആ പണം തിരികെ നൽകിയിരുന്നു എന്നും ആന്റോ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, രാജു പറഞ്ഞ രണ്ട് കോടിയുടെ കാര്യം അറിയില്ല. തന്ന പണം തിരിച്ചു കൊടുത്തു. തന്നെ മാത്രമല്ല സിപിഎമ്മിനേയും രാജു സഹായിച്ചിട്ടുണ്ട്, ഇപ്പോൾ രാജു എൽഡിഎഫില്‍ ആണ്. മറിച്ചാണെങ്കിൽ രാജു കേസ് കൊടുക്കട്ടെ. തിരഞ്ഞെടുപ്പിൽ ഒരുപാടാളുകൾ സഹായിച്ചിട്ടുണ്ട്. ഒരുപാടാളുകൾ സഹായിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കുറഞ്ഞ പണം കൊണ്ടാണ് ഞാൻ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തന്ന സംഭാവനയെന്നാണ് കരുതിയത്. തിരികെ ചോദിച്ചപ്പോൾ തിരികെ കൊടുത്തു. അല്ലാതെ പണം കിട്ടാൻ ഉണ്ടെങ്കിൽ രാജു നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും, താൻ നിയമനടപടികൾ നേരിടാൻ തയ്യാറെന്നും ആന്റോ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ഇന്ന് ഉച്ചയ്ക്കാണ് പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി രംഗത്തെത്തിയത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ ആവശ്യങ്ങൾക്കായി ആന്റോ ആന്റണി തന്നിൽ നിന്നും രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അത് തിരികെ നൽകിയില്ലെന്നുമാണ് പരാതി.

രണ്ട് മാസത്തിനുള്ളിൽ മടക്കി നൽകാം എന്ന ഉറപ്പിലാണ് പണം നൽകിയത്. എന്നാൽ 7 വർഷം പിന്നിട്ടിട്ടും കേവലം 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. യാതൊരു വിധ ഈടുമില്ലാതെയാണ് എം.പിക്ക് പണം നൽകിയത്. നിക്ഷേപകരുടെ പണമാണ് ഇതെന്നും, താൻ കരഞ്ഞു കാലുപിടിച്ചിട്ടും അദ്ദേഹം പണം നൽകാൻ തയ്യാറായില്ലെന്നും രാജു ആരോപിക്കുന്നു. ഈ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡി (Enforcement Directorate), ക്രൈംബ്രാഞ്ച് എന്നിവരെ അറിയിച്ചിട്ടുണ്ട്.

നിക്ഷേപകരെ വഞ്ചിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ രണ്ട് വർഷമായി ഇ.ഡി അന്വേഷണം നേരിടുന്ന സ്ഥാപനമാണ് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ 44 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് ഉടമയും കുടുംബവും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് 2014-ൽ ഉടമ എൻ.എം. രാജുവും കുടുംബാംഗങ്ങളും പോലീസിന്റെ പിടിയിലായിരുന്നു.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവർക്ക് നെടുമ്പറമ്പിൽ ഫിനാൻസിൽ നിക്ഷേപമുണ്ടെന്ന വാർത്തകൾ രാജു നിഷേധിച്ചു. തന്ത്രിക്ക് രണ്ടരക്കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന ആരോപണത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഇ.ഡി സ്ഥാപനത്തിൽ റെയ്ഡ് നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തന്ത്രിക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നാണ് ഉടമയുടെ വ്യക്തമാക്കി.

أحدث أقدم