സംസ്ഥാന സര്‍ക്കാര്‍ ആർആർടിഎസ് പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ അതിവേഗ റെയില്‍വേ പാതയുമായി പുതിയ മോഡലുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ദൈര്‍ഘ്യത്തിലാണ് ഇ ശ്രീധരന്‍ പുതിയ അതിവേഗ റെയില്‍വേ പാത വിഭാവനം ചെയ്യുന്നത്. നേരത്തെ, സില്‍വര്‍ലൈന്‍ അടക്കമുള്ള അതിവേഗ റെയില്‍വേ പ്ലാനുകളില്‍ ഒഴിവാക്കപ്പെട്ടിരുന്ന പത്തനംതിട്ട ജില്ല പുതിയ ഡിസൈനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 54,000 കോടി രൂപയാണ് ഇ ശ്രീധരന്‍ പുതിയ പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത്. മുമ്പ് 80,000 കോടി രൂപയായിരുന്നു പറയപ്പെട്ടിരുന്നത്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രയ്‌ക്ക് മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പുതിയ പാതയില്‍ കണക്കാക്കുന്നത്. ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആർആർടിഎസ് പദ്ധതിയേക്കാൾ പദ്ധതി ചെലവ് കുറവും ടിക്കറ്റ് നിരക്ക് കുറവും ഇ ശ്രീധരന്‍റെ പുതിയ അതിവേഗ പാതയ്‌ക്കുണ്ടെന്ന് പറയപ്പെടുന്നു. എസി ചെയര്‍ കാര്‍ രീതിയില്‍ ടിക്കറ്റ് നിരക്ക് കണക്കാക്കുമ്പോള്‍, ആളുകള്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനാകും എന്നാണ് അനുമാനം. എന്നാല്‍ യാത്രാ ചിലവ് മേല്‍പ്പറഞ്ഞ രീതിയിലായിരിക്കുമോ എന്ന് കാത്തിരുന്നറിയണം.
പുതിയ അതിവേഗ ലൈനിന്‍റെ ഫീല്‍ഡ് സര്‍വേ മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ഇ ശ്രീധരന്‍റെ തീരുമാനം. വലിയ തോതില്‍ സ്ഥലം ഏറ്റെടുക്കല്‍ വേണ്ടിവരില്ലെന്നും, തൂണും തുരങ്കവും കൂടുതൽ വരുന്നതിനാല്‍ ചിലവ് കുറയുമെന്നാണ് ഇ ശ്രീധരന്‍ പറയുന്നതെങ്കിലും സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ അത് പ്രായോഗികമാണോ എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു. പുതിയ ഡിസൈനും നിര്‍മ്മാണരീതിയും അടക്കമുള്ള വിശദ വിവരങ്ങള്‍ ഇ ശ്രീധരന്‍ പുറത്തുവിട്ടിട്ടില്ല.
കെ-റെയില്‍ വഴി സില്‍വര്‍ലൈന്‍ സ്ഥാപിക്കാനാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സില്‍വര്‍ലൈനിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചാണ് ആർആർടിഎസ് പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. ആർആർടിഎസ് ലൈനിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ ബജറ്റില്‍ സംസ്ഥാനം വകയിരുത്തിയിരുന്നു. ഇതേസമയം തന്നെയാണ് അതിവേഗ പാത എന്ന ആശയവുമായി ഇ ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുടങ്ങി ഡിഎംആര്‍സിയുടെ സഹായത്തോടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. കേരളത്തിന് അതിവേഗ റെയിൽ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ആറ് റെയില്‍ കോറിഡോറുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തെ തഴഞ്ഞത്. അതേസമയം, കേരളത്തില്‍ അതിവേഗ റെയില്‍വേ പാതയ്‌ക്കായി ഇ ശ്രീധരന്‍ പഠനം ആരംഭിക്കുകയായിരുന്നു. കേന്ദ്രത്തിന്‍റെ വാക്കാലുള്ള അനുമതിയിലാണ് ഡിഎംആർസി ഇതിനായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. എന്നാല്‍ പദ്ധതിക്കായി ഡിപിആര്‍ തയ്യാറാക്കാന്‍ ഔദ്യോഗികമായി ഡിഎംആര്‍സിയെ കേന്ദ്ര റെയില്‍വേ മന്ത്രാലയം ചുമതലപ്പെടുത്തിയോ എന്ന് വ്യക്തമല്ല. പേര് എന്തായാലും അതിവേഗ റെയില്‍ വരണം എന്ന നിലപാടിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍