ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ഹർജി. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹ‍ർജയിൽ ആവശ്യപ്പെട്ടിരുന്നു. എസ്.ഐ.ടി സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വ‍ർ‍ണം സ്വമേധയാ കൈമാറിയതാണെന്നും, ആറുതവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹ‍ർജിയിലുണ്ട്. എന്നാൽ, കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭാന്ധരിക്ക് ജാമ്യം നൽകരുതെന്നായിരുന്നു എസ് ഐ ടി നിലപാട്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.