രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ പുതിയ സർക്കാർ; മണിപ്പൂരിൽ ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി ചുമതലയേറ്റു




        

രാഷ്ട്രപതിഭരണം പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിച്ചു. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മണിപ്പൂരി​ന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ബിജെപി നേതാക്കളായ നെംച കിപ്‌ഗെൻ, നാഗ പീപ്പിൾസ് ഫ്രണ്ട്(എൻപിഎഫ്) നേതാവ് ലോസി ദിഖോ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മണിപ്പൂരിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് കിപ്‌ഗെൻ.

മണിപ്പൂരിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടതായി ബിജെപി നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു. പിന്നാലെ മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കുകയും ചെയ്തു. ഇതേതുടർന്ന് ഇന്ന് ലോക്ഭവനിൽ വൈകിട്ട് ആറിന് നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്.

നേരത്തെ, മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിന്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കാണാത്തതിനാലാണ് കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. മണിപ്പൂർ മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ മണിപ്പൂർ ബിജെപി എക്‌സിൽ കുറിച്ചിരുന്നു.

‘അദ്ദേഹത്തിന്റെ പരിചയസമ്പത്തും നേതൃപാടവവും മണിപ്പൂരിനെ സമാധാനത്തിലേക്കും വികസനത്തിലേക്കും നയിക്കുമെന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ കീഴിൽ സംസ്ഥാനം സുസ്ഥിരമായ പുരോഗതി കൈവരിക്കും’. ബിജെപി എക്‌സിൽ കൂട്ടിച്ചേർത്തു.

മണിപ്പൂർ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല. ബിരേൻ സിങിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോട് അതൃപ്തിയുള്ള ബിജെപി എംഎൽഎമാരും അവിശ്വാസത്തെ പിന്തുണക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ബിരേൻ സിങ് പടിയിറങ്ങിയത്.

2017ൽ ആദ്യമായി എംഎൽഎയായ ഖേംചന്ദ് സിങ് മണിപ്പൂർ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022ലെ ബിരേൻ സിങ് മന്ത്രിസഭയിൽ നഗരവികസനം, വിദ്യാഭ്യാസം, പഞ്ചായത്ത് രാജ് ഉൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
أحدث أقدم