പതിവായി മോഷണം.. സഹികെട്ടു, കുലക്കേസ് പ്രതികളെ കിട്ടിയില്ല, സിസിടിവി വെച്ചു, കുടുങ്ങിയത് പട്ടാപ്പകൽ


നെടുമങ്ങാടിന് സമീപം വാഴത്തോട്ടത്തിൽ നിന്നും വിളവെടുപ്പിന് പാകമായ കുലകൾ മോഷ്ടിച്ച നാൽവർ സംഘം അറസ്റ്റിൽ. പൂവത്തൂർ ചെല്ലാങ്കോട് പുത്തൻവീട്ടിൽ ഹരീഷ് (32),ആര്യനാട് പള്ളിവേട്ട കടുവാക്കുഴി റോഡരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സലീം (60), പൂവത്തൂർ പുത്തൻവീട്ടിൽ തുളസീധരൻ (49), കരിപ്പൂര് തെക്കുംകര സ്വദേശി സന്തോഷ് കുമാർ (53) എന്നിവരാണ് പിടിയിലായത്. ലോണെടുത്തും,  കടംവാങ്ങിയും ആരംഭിച്ച പാട്ടക്കൃഷിയിടത്തിൽ നിന്നും പതിവായി മോഷണം ശ്രദ്ധയിൽപെട്ടതോടെ പത്താംകല്ല് സ്വദേശി സ്വർണ്ണൻ തന്‍റെ ഏത്ത വാഴത്തോട്ടത്തിന് സമീപം സിസിടിവി സ്ഥാപിച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്. ആഴ്ച്ചകളായി  പ്രദേശത്ത് നിന്നും വാഴക്കുലകൾ കാണാതായതോടെ നാട്ടുകാരുടെ സഹായത്തോടെ സ്വർണൻ രാത്രികാലങ്ങളിൽ കാവലും തുടങ്ങി. ഇതോടെ മോഷ്ടാക്കൾ പിന്തിരിഞ്ഞു. 

എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കൾ കുലവെട്ടുന്നതും ചാക്കിൽ കയറ്റിപ്പോകുന്നതും ശ്രദ്ധയിൽപെടുന്നത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയും  പോലീസ് സ്ഥലത്തെത്തി പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയുമായിരുന്നു. പ്രദേശത്ത് ചില്ലറമോഷണം നടത്തി വരാറുള്ള ഇവർ ഒരു മാസത്തിനിടയിൽ 42-ഓളം വാഴക്കുലകളാണ് മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. ഏകദേശം 25,000 രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

أحدث أقدم