ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ടിനെ വർണ്ണശബളമാക്കുകയാണ് ചില മാധ്യമങ്ങൾ. വിഷയത്തിന് ആധാരമായ ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനല്ല ശ്രമിക്കുന്നത്. ഓഡിറ്റിന്‍റെ മൂലയിൽ നിന്ന് ഒരു ഭാഗം എടുത്ത് വാർത്തയാക്കുകയാണ്. അതിന്‍റെ വിശദീകരണം ദേവസ്വം ബോർഡ് കൊടുത്തിട്ടുണ്ട്. സാംസ്കാരിക നായകരുടെ ഭരണമാറ്റ വിവാദത്തിലും എ വിജയരാഘവൻ പ്രതികരിച്ചു. സാംസ്കാരിക നായകർ എന്നു പറഞ്ഞാൽ തന്നെ ഭിന്നാഭിപ്രായം പറയുന്നവരാണ്. അവർ പല അഭിപ്രായങ്ങളും പറയും. സാംസ്കാരിക നായകർ പറയുന്നത് എല്ലാ കാര്യത്തിലും അവസാനവാക്ക് അല്ല. അഭിപ്രായത്തിൽ ആവശ്യമുള്ളത് മാത്രം അംഗീകരിക്കും. നിരാകരിക്കേണ്ടത് നിരാകരിക്കും.
പാർട്ടി സാംസ്കാരിക സ്ഥാപനങ്ങളിലേക്ക് ആളുകളെ നിയമിക്കുമ്പോൾ എകെജി സെന്‍ററിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന അഭിപ്രായം പറയണമെന്ന് പറഞ്ഞ് നിയമിച്ചിട്ടില്ല. പ്രേംകുമാർ എല്ലാ കാലത്തും കേരളത്തിലെ പുരോഗമന പക്ഷത്ത് നിന്നിട്ടുള്ള ആളാണ്. പ്രേംകുമാർ ഒരു വലതുപക്ഷക്കാരനായി പോയേക്കാം എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൂരം കലക്കൽ വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്നും ,പോലീസിനെ നിർബന്ധമായും കുറ്റപ്പെടുത്തണമെന്ന് വാശിപിടിക്കേണ്ടതില്ലെന്നും പൂരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ കഴിയുമോ എന്നൊരു ശ്രമം ഹിന്ദുത്വ ശക്തികൾ നടത്തിയിട്ടുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.