പാമ്പുകൾ ! കേരളത്തിൽ ആകെ 101 തരം പാമ്പുകളാണുള്ളത്. അതിൽ മനുഷ്യജീവൻ അപകടകരമായരീതിയിൽ വിഷമുള്ള 10 പാമ്പുകളുണ്ട്.... പാമ്പുകളെക്കുറിച്ച് വിശദമായി അറിയാം


ഉരഗ വർഗത്തിൽപ്പെട്ട കൈകാലുകളില്ലാത്ത ജീവികളാണ്‌ പാമ്പുകൾ. പാമ്പുകളുടെ ശരീരം ശൽക്കങ്ങൾകൊണ്ട് പൊതിഞ്ഞതാണ്. 
കെരാറ്റിൻ എന്ന പ്രോട്ടീൻകൊണ്ടാണ് ഇവ രൂപംകൊണ്ടിട്ടുള്ളത്. ഓരോ ഇനം പാമ്പുകൾക്കും നിശ്ചിത എണ്ണം ശൽക്കങ്ങളായിരിക്കും ജനിക്കുമ്പോൾമുതൽ ഉണ്ടായിരിക്കുക. 
പാമ്പ് വളരുന്നതിനനുസരിച്ച് ഈ ശൽക്കങ്ങളും വലുതാവും. എന്നാൽ ശൽക്കങ്ങളുടെ എണ്ണം ഒരിക്കലും കൂടുകയോ കുറയുകയോ ഇല്ല. 
ഏത് ഇനം പാമ്പാണ് എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ഘടകമാണ് ശല്ക്കങ്ങളുടെ എണ്ണം.
പാമ്പിന്റെ കണ്ണുകൾക്ക് പുറമേ സുതാര്യമായ ഒരു ആവരണമുണ്ട്. ഇത് ബ്രിൽ എന്നാണ് അറിയപ്പെടുന്നത്. 
മാളങ്ങളിൽ ഇഴഞ്ഞുകയറുമ്പോഴും മറ്റും കണ്ണിൽ പൊടി വീഴാതിരിക്കാനുള്ള അനുകൂലനമാണിത്. 
പാമ്പുകൾക്ക് കൺപോളകളില്ല. ഓരോഇനം പാമ്പുകളുടെയും കണ്ണിലെ കൃഷ്ണമണിക്ക് ആകൃതി വ്യത്യാസമുണ്ടാകും . 
പകൽ ഇരതേടുന്നവയ്ക്ക് സാധാരണമായി വൃത്താകൃതിയും രാത്രി ഇര തേടുന്നവയ്ക്ക് ലംബാകൃതിയും.

പാമ്പുകൾക്ക് ബാഹ്യകർണങ്ങൾ ഇല്ല. അതുകൊണ്ട് അവയ്ക്ക് വായുവിലൂടെ വരുന്ന ശബ്ദതരംഗങ്ങൾ കേൾക്കാൻ കഴിയില്ല.

പ്രതലത്തിലൂടെ വരുന്ന ശബ്ദസ്പന്ദനങ്ങൾ പിടിച്ചെടുക്കാൻ അവയെ കീഴ്ത്താടിയെല്ലുകളാണ് സഹായിക്കുന്നത്.

കാടുകൾ, വയലുകൾ, പുല്ലു നിറഞ്ഞ പ്രദേശങ്ങൾ, ചില ഇനങ്ങൾ
വെള്ളത്തിലും, 
മരങ്ങളിലുമാണ് താമസം.

ലോകത്തിൽ ആകെ മൂവായിരത്തിലധികം ഇനം പാമ്പുകളുണ്ട്. അതിൽ 600 ഇനം
പാമ്പുകൾക്കുമാത്രമേ വിഷമുള്ളൂ. അവയിൽതന്നെ 200 എണ്ണത്തിന് മാത്രമേ മനുഷ്യനെ കൊല്ലാനുള്ള ശേഷിയുള്ളൂ.

ഇന്ത്യയിൽ ഏകദേശം 300ലധികം പാമ്പിനങ്ങൾ ഉണ്ട്. അതിൽ വളരെ കുറച്ചെണ്ണമാണ് വിഷമുള്ളത് .
കേരളത്തിൽ ആകെ 101 തരം പാമ്പുകളാണുള്ളത്. അതിൽ മനുഷ്യജീവൻ അപകടകരമായരീതിയിൽ വിഷമുള്ള 10 പാമ്പുകളുണ്ട്.

അവയിൽ അഞ്ചെണ്ണം കടൽപാമ്പുകളാണ്.
പാമ്പുകൾ മാംസഭോജികൾ ആണ്.

അവ കഴിക്കുന്നത് ,
എലികൾ, തവളകൾ, ചെറുപക്ഷികൾ,
പല്ലികൾ, ചിലപ്പോൾ മറ്റു പാമ്പുകളെ പോലും ആഹാരമാക്കാറുണ്ട്.

പാമ്പുകൾ ആഹാരം ചവയ്ക്കില്ല
മുഴുവനായും വിഴുങ്ങുന്നു!. 

പാമ്പുകൾ ഇരയെ പിടിക്കുന്നത് പല രീതിയിൽ ആണ്. വിഷം ഉള്ള പാമ്പുകൾ ഇരയെ, വിഷപല്ലുകൾ കൊണ്ട് വിഷം കുത്തിവച്ചു കൊല്ലുന്നു,

വിഷം ഇല്ലാത്ത പാമ്പുകൾ ഇരയെ, വിരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്നു.

പാമ്പുകൾ കൂടുതലായും രാത്രിയാണ് പുറത്തിറങ്ങുന്നത്. പകൽ ചൂട് കൂടുതലായതിനാൽ കുഴികളിലും പാറക്കടിയിലും ഒളിക്കും.

പ്രധാനമായും രണ്ട് രീതിയിൽ ആണ് പാമ്പുകളുടെ പ്രജനനം, മുട്ടവിരിഞ്ഞും , നേരിട്ട് പ്രസവിക്കുന്ന രീതിയും ഉണ്ട്. അണലി വർഗ്ഗത്തിൽ പെട്ട പാമ്പുകൾ മുട്ടിയിടുന്നതിന് പകരം മുട്ട വയറ്റിൽ തന്നെഇരുന്ന് വിരിഞ്ഞ് കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്.

പാമ്പുകൾ മനുഷ്യരെ ആക്രമിക്കാൻ ഇഷ്ടപ്പെടുന്നില്ല.
ഭയം തോന്നിയാൽ മാത്രം കടിക്കും.
കൃഷി സ്ഥലങ്ങളിൽ പാമ്പുകൾ എലികളെ ആഹാരമാക്കുന്നതിലൂടെ അവിടെയുള്ള എലികളുടെ എണ്ണം നിയന്ത്രണാതീതം ആകുകയും, ഇതുവഴി കൃഷി ചെയ്യുന്നവർക്ക് ഉപകാരപ്പെടുകയും ചെയ്യും .

പാമ്പിനെ കണ്ടാൽ ശാന്തനായി പിറകോട്ടു മാറുക, അവയെ അടിക്കാനോ പിടിക്കാനോ ശ്രമിക്കരുത്. പാമ്പുകൾ പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്തുന്ന ജീവികളാണ്.

പാമ്പുകളുടെ ശരാശരി ആയുസ് 10 മുതൽ 25 വർഷം വരെ ആണ് .

പാമ്പുകളുടെ വിഷം പ്രധാനമായും അവയ്‌ക്ക്‌ ഇരയെ പിടിക്കാൻ വേണ്ടിയുള്ളതാണ്‌. മനുഷ്യൻ ഉൾപ്പെടെയുള്ള ശത്രുക്കൾക്കെതിരെ ഗതികെട്ടാലല്ലാതെ പാമ്പുകൾ വിഷം പ്രയോഗിക്കാറില്ല. 

വിഷം വിവിധതരം രാസവസ്‌തുക്കളുടെ ഒരു സങ്കീർണമിശ്രിതമാണ്‌. രക്‌തത്തെ ബാധിക്കുന്ന വിഷം
(ഹമോട്ടോക്സിൻ), നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം (ന്യൂറോട്ടോക്സിൻ) എന്നിവയാണ്‌ പ്രധാന തരം വിഷങ്ങൾ. പേശികളെ ബാധിക്കുന്ന വിഷം (മയോട്ടോക്സിൻ), ഹൃദയത്തെ ബാധിക്കുന്ന വിഷം (കാർഡിയോടോക്സിൻ) തുടങ്ങിയ ഇനം വിഷങ്ങളുമുണ്ട്‌. മിക്ക പാമ്പുകളിലും ഒന്നിലേറെതരം വിഷങ്ങള്‍ ഒന്നിച്ചുകാണാറുണ്ട്. വിഷം ശരീരത്തില്‍ കടന്നു കഴിഞ്ഞാല്‍ചെറുതല്ലാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമേതും ഇല്ല. എന്നാല്‍ ഇന്ത്യയില്‍ കാണപ്പെടുന്ന നൂറുകണക്കിന് പാമ്പുകളില്‍ വിരലില്‍എണ്ണാവുന്നവക്ക് മാത്രമേ വിഷമുള്ളൂ എന്നതാണ് സത്യം. മൂർഖൻ , വെള്ളിക്കെട്ടൻ , അണലി, ചുരുട്ട മണ്ഡലി, എന്നീ നാല് തരം വിഷപ്പാമ്പുകളുടെ കടിമൂലമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാമ്പ് കടിയിലൂടെയുള്ള മരണങ്ങൾ നടക്കുന്നത്. 

എന്നാല്‍ കണ്ടാലിവയെപ്പോലെ തന്നെ തോന്നിക്കുന്ന ചില പാമ്പുകള്‍ ഉണ്ട്. ഒറ്റനോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ അല്‍പ്പമെങ്കിലും പഠിക്കാതെ സാധിക്കില്ല എന്നതാണു സത്യം. അത് കൊണ്ട് തന്നെ എല്ലാ പാമ്പുകടിയും വിഷം തീണ്ടിയുള്ള മരണം എന്നതിനോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതല്ല. അഥവാ വിഷമുള്ള പാമ്പാണ് എങ്കില്‍ പോലും, ഇര പിടിച്ച ഉടനെയാണ് പാമ്പ് ഒരാളെ കടിക്കുന്നതെങ്കില്‍, പാമ്പിന്റെ വിഷസഞ്ചിയില്‍ വിഷമുണ്ടാകണം എന്നില്ല. ‘Dry bite’ എന്നറിയപ്പെടുന്ന ഇത്തരം പാമ്പുകടികള്‍ അപകടരഹിതമാണ്‌. വിഷപാമ്പിന്‍റെ കണ്ണിനു പിറകിലായാണ് വിഷഗ്രന്ധി സ്ഥിതി ചെയ്യുന്നത് . ഈ പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച് കുതിരയുടെ ശരീരത്തിൽ ഈ വിഷത്തിനെതിരെയുണ്ടാവുന്ന ആന്റിബോഡികൾ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ചാണ് ASV (Anti Snake Venom) നിർമ്മിക്കുന്നത്. നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുമെന്നതിനാൽ പോളിവലന്റ് ആന്റി സ്നേക്ക് വെനം എന്നാണ് ഈ മരുന്നിനെ വിളിക്കുന്നത്. അലർജി ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നതാണ് ഈ മരുന്നിന്റെ പ്രധാന ന്യൂനത. അതിനാൽ അലർജി ഉണ്ടായാൽ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ കൂടി ആശുപത്രികളിലുണ്ടാവണം. അലർജി ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും ആവശ്യമുള്ള രോഗികൾക്ക് മരുന്ന് നൽകുക തന്നെ വേണം. സ്വീകരിക്കേണ്ട ചികിത്സാ സൗകര്യങ്ങൾ വേണമെന്ന് മാത്രം. കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ-സ്വകാര്യ ആശുപത്രികളിലും ഈ മരുന്ന് ലഭ്യമാണ്. പാമ്പുകടിച്ചാല്‍ ഉടന്‍ പാമ്പിനെ തിരിച്ചറിയാന്‍ വേണ്ടി നെട്ടോട്ടം ഓടേണ്ട കാര്യമില്ല. ഇതിനു വിവിധ കാരണങ്ങളുണ്ട്. ഇന്ത്യയില്‍ ലഭ്യമായ പാമ്പിന്‍ വിഷത്തിനു എതിരായ ചികിത്സ (ASV) പ്രധാനപ്പെട്ട നാല് പാമ്പുകളുടെ വിഷത്തിനു എതിരായി പ്രവര്‍ത്തിക്കുന്നതാണ് . അത് കൊണ്ട് തന്നെ വിഷബാധ ഏറ്റെന്ന് ഉറപ്പുണ്ടെങ്കില്‍, പാമ്പിനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ചികിത്സ കൃത്യമായിരിക്കും. പാമ്പിനെ തിരിച്ചറിയുന്നതിലുപരി, കടിയേറ്റ ആളുടെ ശാരീരികലക്ഷണങ്ങള്‍ നോക്കിയാണ് ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുന്നത്. ASV ഡോസ് നിശ്ചയിക്കപ്പെടുന്നതും ഇങ്ങനെയാണ്. ഈ ഡോസ് ആളുടെ പ്രായത്തിനെയോ, പാമ്പ് കടിച്ച മുറിവിന്റെ വലിപ്പത്തിനെയോ,  മറ്റേതെങ്കിലും പൊതുവായ കാരണത്തിനോ അനുസരിച്ച് മാറുന്നതല്ല. മറിച്ച്, രോഗിയുടെ ശാരീരിക ലക്ഷണങ്ങള്‍ നോക്കിയാണ് വിഷത്തിന് എതിരെയുള്ള മരുന്ന് നല്‍കേണ്ട അളവ് തീരുമാനിക്കുന്നതും, മറ്റു ശാരീരിക വിവശതകള്‍ പരിഹരിക്കുകയും ചെയ്യുന്നത്.  പാമ്പുകള്‍ മിക്കതും പൊതുവായ വാസസ്ഥലങ്ങള്‍ ഉള്ളവയാണ്. ഒരു പരിസരത്ത് ഒന്നിലേറെ പാമ്പുകള്‍ ഉണ്ടാകാം. വിഷമുള്ള ജീവിയെ കൈകാര്യം ചെയ്യാന്‍ വേണ്ടത് ധൈര്യമല്ല, വൈദഗ്ധ്യമാണ്. വിവേകത്തോടെ പ്രവര്‍ത്തിക്കുക. 
ഭയമുണ്ടാകുക സ്വാഭാവികം മാത്രമാണ്. പക്ഷെ, പരിഭ്രമവും ഓടിരക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവിടങ്ങളില്‍ വിഷം പെട്ടെന്ന് എത്തിക്കുകയും ചെയ്യും. ഒറ്റക്കാണെങ്കില്‍, കടിയേറ്റ ഭാഗം ഹൃദയത്തിനെക്കാള്‍ താഴെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. വിഷം പ്രധാന അവയവങ്ങളില്‍ എത്തുന്നത് വൈകിക്കാന്‍ ഇത് വഴി സാധിക്കും. കഴിയുന്നത്ര വേഗം ഫോണിലൂടെയോ മറ്റോ സഹായം അഭ്യര്‍ത്ഥിക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുന്നതിന് ജീവന്റെ വിലയുള്ള സമയമാണെന്ന് മനസിലാക്കുക. തുണി കൊണ്ട് മുറുക്കി കെട്ടുന്നത് പൊതുവെ കാണപ്പെടുന്ന രീതി ആണെങ്കിലും പ്രത്യേകിച്ചു ഗുണമൊന്നും ഉള്ളതല്ല. മാത്രമല്ല, ഈ കെട്ട് അമിതമായി മുറുകുന്നത് വഴി കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടയപ്പെടുകയും ആ ഭാഗം ഉപയോഗശൂന്യമായി മാറുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇനി അഥവാ കെട്ടുന്നുവെങ്കില്‍, ഒരു വിരല്‍ കയറാനുള്ള അയവ് ഉണ്ടായിരിക്കണം. കൈകാലുകളിലാണ് കടിയേറ്റതെങ്കിൽ അണിഞ്ഞിരിക്കുന്ന വാച്ച്, ആഭരണങ്ങൾ തുടങ്ങിയവ ഊരിമാറ്റുക. പിന്നീട് നീർവീക്കം വന്നാൽ ഇവ ഇറുകി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുണ്ട്.മുറിവില്‍ നിന്നുമുള്ള രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം. ഏറ്റവും പ്രധാനം എത്രയും പെട്ടെന്ന് ശരിയായ ചികിത്സ നൽകുക എന്നതാണ്. 


Previous Post Next Post