ഭീതി വിതച്ച് തെരുവുനായ്ക്കൾ…. 2025-ൽ മാത്രം 33 മരണം… ആലപ്പുഴയിലും കൊല്ലത്തും സ്ഥിതി ഗുരുതരം


സംസ്ഥാനത്ത് തെരുവുനായ ശല്യം അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ 15 ലക്ഷത്തിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റതായും 122 പേർ പേവിഷബാധയേറ്റ് മരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2021 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിച്ചുവരികയാണ്. 2021-ൽ 2.21 ലക്ഷം പേർക്ക് കടിയേറ്റപ്പോൾ 2025-ൽ അത് 3.69 ലക്ഷമായി ഉയർന്നു.

2021-ൽ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചതെങ്കിൽ 2025-ൽ മരണസംഖ്യ 33 ആയി വർധിച്ചു. കഴിഞ്ഞ വർഷം ആലപ്പുഴയിലും കൊല്ലത്തുമാണ് ഏറ്റവും കൂടുതൽ പേർ (5 പേർ വീതം) മരിച്ചത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർക്ക് തെരുവുനായയുടെ ആക്രമണം നേരിടേണ്ടി വന്നത് – 58,108 പേർ.

റിട്ട. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഇതുവരെ 43 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയിട്ടുള്ളത്. നിലവിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് നഷ്ടപരിഹാര കാര്യങ്ങൾ തീരുമാനിക്കുന്നത്. തെരുവുനായ ശല്യം പരിഹരിക്കാനുള്ള വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പദ്ധതികൾ കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ ഔദ്യോഗിക കണക്കുകൾ പുറത്തുവരുന്നത്.


أحدث أقدم