എൽ.പി.ജി. ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാരുമായി ആലോചിച്ച് എണ്ണവിതരണക്കമ്പനികൾ കൂടുതൽ വാണിജ്യസിലിൻഡറുകൾ നൽകും. ഇവയുടെ വിതരണത്തിനുള്ള മുൻഗണന സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം. വാണിജ്യ എൽ.പി.ജി. സിലിൻഡറുകളുടെ 20 ശതമാനവും സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് ഇനി വ്യാവസായിക, വാണിജ്യ ഉപയോക്താക്കൾക്കാണ് നൽകുക. ഇന്ത്യയിലെ എൽ.പി.ജി. ഉത്പാദനം കഴിഞ്ഞദിവസം 25 ശതമാനം വർധിപ്പിച്ചിരുന്നു. ഇത് വ്യാഴാഴ്ച 28 ശതമാനമാക്കി ഉയർത്തി.
പാചക ആവശ്യങ്ങൾക്ക് എൽ.പി.ജി.ക്ക് പകരമുള്ള ഇന്ധനങ്ങളുടെ ലഭ്യത വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. നേരത്തേ ഒരു ലക്ഷം കിലോലിറ്റർ മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന സ്ഥാനത്ത് ഇനി അധികമായി 48,000 കിലോലിറ്റർകൂടി നൽകുമെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാതാ ശർമ അറിയിച്ചു. കൂടാതെ കൽക്കരി, മണ്ണെണ്ണ, ജൈവ ഇന്ധനങ്ങൾ എന്നിവ ഹോട്ടൽ, വാണിജ്യ മേഖലകളിൽ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം നൽകി. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവ രെ ഒരുമാസത്തേക്കാണ് ഈ ഇളവ്.