
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ നടപടിയെടുത്ത് യു ഡി എഫും മുസ്ലിം ലീഗും. ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യു ഡി എഫ് നീക്കിയപ്പോൾ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് സസ്പെൻഡ‍് ചെയ്തു. കായകുളം യു ഡി എഫ് ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച് ബഷീർ കുട്ടിയെ നിയമിച്ചതായും നേതൃത്വം അറിയിച്ചു.
ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് അറിയിച്ചത്. നേരത്തെ ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പ്രസ്താവന തള്ളി യു ഡി എഫ് സ്ഥാനാർഥി എം ലിജു രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ വിമർശനങ്ങൾ നടത്താനുള്ളതല്ല തിരഞ്ഞെടുപ്പ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയ ലിജു, ഇർഷാദ് ചക്കാലശ്ശേരിയുടെ പരാമർശത്തെ തള്ളിക്കളഞ്ഞു. യു ഡി എഫ് നേതാവിന്റെ പരാമർശം തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലിജു കൂട്ടിച്ചേർത്തു. പരാമർശത്തെ ന്യായീകരിക്കില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞ ലിജു, ഖേദവും പ്രകടിപ്പിച്ചു.