ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു...


ദോഹ : ഖത്തറിൽ സൈനിക
ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് അപകടമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന്(ഞായർ) പുലർച്ചെ രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നു അപകടം.

ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി വിപുലമായ തിരച്ചിൽ തുടരുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്.

കോസ്റ്റ‌് ആൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീം, ആഭ്യന്തര സുരക്ഷാ സേനയായ 'ലെഖ്വിയ'യുടെ കീഴിലുള്ള ഖത്തർ ഇൻ്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള വിവിധ യൂണിറ്റുകൾ മേഖലയിൽ പരിശോധന തുടരുകയാണ്. അതേസമയം, ഹെലികോപ്റ്ററിൽ എത്രപേർ ഉണ്ടായിരുന്നുവെന്നോ അപകടത്തിന്റെ കൃത്യമായ കാരണമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Previous Post Next Post