”കോൺഗ്രസ് മത തീവ്രവാദ സംഘങ്ങൾക്ക് അടിമപ്പെട്ടു”; തൃശ്ശൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു




തൃശൂർ: തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി. പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നതാണ് കോൺഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തൃശ്ശൂർ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനിൽ കുമാറാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ അനിൽകുമാർ, ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. 

ഷാൾ അണിയിച്ചാണ് രാജീവ് ചന്ദ്രശേഖർ അനിൽ കുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, സംസ്ഥാന പ്രഭാരി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അനിൽകുമാറിന്റെ ബിജെപി പ്രവേശം.

കെഎസ്‌യുവിലൂടെയാണ് അനിൽകുമാർ രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയർമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി സി സി സെക്രട്ടറി, ഡി സി സി വൈസ് പ്രസിഡൻ്റ് തുടങ്ങി വിവിധ തലങ്ങളിൽ കോൺഗ്രസിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ റെഡ്ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ് അനിൽകുമാർ. തൃശൂർ ജില്ലയിൽ ബിജെപിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും കോൺഗ്രസ് മത തീവ്രവാദ സംഘങ്ങൾക്ക് അടിമപ്പെട്ടു കഴിഞ്ഞതായും അഡ്വ. അനിൽ കുമാർ പറഞ്ഞു.
أحدث أقدم