
കൊല്ലം കേരളപുരത്ത് വീടിന്റെ മുൻവാതിൽ തുറന്ന് അകത്തുകയറിയ മോഷ്ടാവ് 12 പവൻ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു. കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച (മാർച്ച് 12) ഉച്ചയ്ക്ക് 11.45 ഓടെ കവർച്ച നടന്നത്. വിജിത്തിന്റെ പ്രായമായ മാതാവ് മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ പ്രതി കോളിങ് ബെൽ അടിച്ച് അകത്ത് മറ്റാരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഉള്ളിൽ കടന്നത്. വീട്ടിലെയും സമീപത്തെ റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കയറി കേരളപുരം ജംഗ്ഷനിൽ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും വീട്ടിൽ കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരിച്ച് ബസ് സ്റ്റോപ്പിൽ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കയറിപ്പോകുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.