അമ്പലപ്പുഴയിൽ കോൺഗ്രസ് വിമതൻ… ഷാനു ഭൂട്ടോ സ്വതന്ത്രനായി മത്സരിക്കും…


ആലപ്പുഴ: അമ്പലപ്പുഴയിൽ ജി. സുധാകരനെ യുഡിഎഫ് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് റിബൽ നീക്കം. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഉടൻ നാമനിർദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് നീക്കം. ജി. സുധാകരനു പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ എം. ജെ ജോബ് രാജി വെച്ചിരുന്നു. ജി സുധാകരൻ നടത്തിയ പിണറായി പുകഴ്ത്തലും അമ്പലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ജി. സുധാകരന് പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി അമ്പലപ്പുഴ മാറി. നിരന്തരമായ അവഗണന നേരിടുന്നു എന്ന് ആരോപിച്ചാണ് ജി. സുധാകരൻ സിപിഐഎമ്മുമായി ഇടഞ്ഞത്. പിന്നാലെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു. പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് വാർത്താസമ്മേളനത്തിൽ സുധാകരൻ അഴിച്ചുവിട്ടത്.

പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് എന്നും തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണ് എന്നും സുധാകരൻ പറഞ്ഞിരുന്നു. താൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലർത്തി. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.

Previous Post Next Post