
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് സിപിഐഎം നേതാവ് എ. കെ ബാലന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നതെന്നും കോണ്‍ഗ്രസിന്റേത് പരിഹാസ്യമായ സമീപനമാണെന്നും എ. കെ ബാലന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത കാര്യങ്ങള്‍ തുടരുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി പറഞ്ഞത്, അത് കടന്ന കൈ ആയിപ്പോയി. മൂന്ന് പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമെന്നാണോ രമേഷ് പിഷാരടി പറയുന്നതെന്ന് എ. കെ ബാലന്‍ ചോദിച്ചു.
രാഹുല്‍ ചെയ്ത തെറ്റുകള്‍ക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം പിഷാരടി വോട്ട് ചോദിക്കാനെന്നും എ. കെ ബാലന്‍ പറഞ്ഞു. പാലക്കാട് ബിജെപി- കോണ്‍ഗ്രസ് ഡീല്‍ ഉണ്ടെന്ന് പറയില്ലെന്നും കോങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ട് മറിക്കാനും മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് വോട്ട് മറിക്കാനും ഡീലുണ്ടന്നും എ. കെ ബാലന്‍ പറഞ്ഞു.
ജി. സുധാകരനെ മുഖ്യമന്ത്രി മൂന്നുതവണ വിളിച്ചെന്നും സുധാകരന്‍ പക്ഷെ പ്രതികരിച്ചില്ലെന്നും എ. കെ ബാലന്‍ പറഞ്ഞു. ജി. സുധാകരനെ ചെറ്റ എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ സമീപനം ചെറ്റത്തരമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നുംം എ. കെ ബാലന്‍ വ്യക്തമാക്കി. ‘ചെറ്റത്തരം എന്നതും ചെറ്റയും തമ്മില്‍ വ്യത്യാസമുണ്ട്. ചെറ്റത്തരം എന്നാല്‍ അല്‍പ്പത്തരം എന്നാണ് അര്‍ത്ഥം. ജി. സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റാണ് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കെ. സുധാകരനെ ഉത്തമ കോണ്‍ഗ്രസുകാരന്‍ എന്ന് വി. ഡി സതീശന്‍ പറഞ്ഞിട്ടില്ല. ജി സുധാകരന്റെ സഹോദരനായ രക്തസാക്ഷി ഭുവനേശ്വരന്റെ തലച്ചോര്‍ പൊട്ടിത്തെറിച്ചത് കണ്ട് തെങ്ങിന്‍പൂക്കുല പോലെ തച്ച് തകര്‍ത്തുവെന്നായിരുന്നു സുധാകരന്‍ പണ്ട് പറഞ്ഞത്. ഒരു നേരമെങ്കിലും സുധാകരന്‍ സ്വന്തം സഹോദരനെ ഓര്‍ത്താല്‍ മാനസിക സംഘര്‍ഷത്തിലാകും. ജി. സുധാകരന് ചേരുന്ന പദമാണ് മുഖ്യമന്ത്രി പറഞ്ഞത്’ എ. കെ ബാലന്‍ പറഞ്ഞു.
ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ നൽകിയ വികസനത്തിൻ്റെ തുടർച്ചയാണ് ആഗ്രഹമെന്നും നിലവിലെ എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ നല്ല പദ്ധതികൾ ഏറ്റെടുക്കുമെന്നും രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പിന്തുണച്ചതെന്നും കോടതിയിൽ ഇരിക്കുന്ന വിഷയം അനുകൂലമായാലും പ്രതികൂലമായാലും അദ്ദേഹം തന്നെ അനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും രാഹുൽ തനിക്കുവേണ്ടി ഇറങ്ങുമോ എന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും രമേഷ് പിഷാരടി പറഞ്ഞു.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താൻ കരുതുന്നതെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ വന്നപ്പോഴെല്ലാം തന്റെ പേര് പലയിടങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നെന്നും അന്നൊന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ശക്തമായി ആലോചിച്ചിരുന്നില്ലെന്നും പാലക്കാട് നിൽക്കാനാണ് പാർട്ടി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ.