
പശ്ചിമേഷ്യൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രത നിർദ്ദേശം. അൽഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം പരിഗണിച്ച് സുരക്ഷ കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ശ്രീനഗറിൽ പൊലീസും ഖമനേയി അനുകൂലികളായ വിഘടനവാദി സംഘടന പ്രവർത്തകരും ഏറ്റുമുട്ടി. ഇതിനിടെ അഫ്ഗാൻ പാകിസ്ഥാൻ പോര് രൂക്ഷമാകുകയാണ്.
നവമാധ്യമങ്ങളിൽ നിരീക്ഷണം കടുപ്പിക്കണം, ആളുകൾ കൂടുന്ന സ്ഥലത്ത് കർശന പരിശോധന നടത്തണം, ജൂത സ്ഥാപനങ്ങൾക്കും, ഇറാൻറെ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടണം. അൽഖ്വയ്ദ, ഐഎസ് ആക്രമണ സാഹചര്യം മുൻ നിർത്തിയാണ് ആഭ്യന്തരമന്ത്രാലയത്തിൻറെ കർശന ജാഗ്രത നിർദ്ദേശം. പശ്ചമേഷ്യയിലെ സാഹചര്യം മുൻനിർത്തി തീവ്രവാദ ശക്തികൾ സംഘർഷത്തിന് ശ്രമിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഇറാന് അനുകൂലമായി തീവ്ര പ്രസംഗം നടത്തുന്നവരെ നിരീക്ഷിക്കണമെന്നും പ്രതിഷേധങ്ങൾ സംഘർഷമാകാതെ നിയന്ത്രിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിക്കുന്നു.