ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ ആവേശത്തിന് പിന്നാലെ തലസ്ഥാനം വീണ്ടും വൃത്തിയുടെ താളത്തിലേക്ക്...




തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ ആവേശത്തിന് പിന്നാലെ തലസ്ഥാനം വീണ്ടും വൃത്തിയുടെ താളത്തിലേക്ക്. ഭക്തർ മടങ്ങിയതോടെ നഗരത്തെ പഴയപടിയാക്കാൻ വൻ ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ രംഗത്ത്. പൊങ്കാല നിവേദനം കഴിഞ്ഞതിന് പിന്നാലെ നഗരസഭ ശുചീകരണം ആരംഭിച്ചു. ഭക്തർ ഉപേക്ഷിച്ച ചുടുകട്ടകളും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരത്തെ വൃത്തിയുടെ താളത്തിലേക്ക് എത്തിക്കുവാൻ കോർപ്പറേഷൻ ഭരണകൂടത്തിന് കഴിഞ്ഞു.

ശേഖരിച്ച ചുടുകട്ടകൾ ഉപയോഗിച്ച് ദരിദ്രർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന മാതൃകാപരമായ പദ്ധതിയും നഗരസഭ നടപ്പാക്കുന്നുണ്ട്. കോർപ്പറേഷൻ ജീവനക്കാരോടൊപ്പം ഹരിത കർമസേനയും ശുചീകരണ രംഗത്ത് സജീവമായി പങ്കാളികളായി. ഭക്തരും നാട്ടുകാരും പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മാറി.

3500 ശുചീകരണ തൊഴിലാളികളും 200 ലോറികളും ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തിയതായയി മേയർ വി.വി. രാജേഷ് പറഞ്ഞു. പൊങ്കാല കഴിഞ്ഞതോടെയാണ് ശുചീകരണം ആരംഭിച്ചത്. പരിചയസമ്പന്നരായ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവും ഭരണസമിതിയുടെ ഏകോപനവും പൊങ്കാല വിജയകരമാക്കാൻ സഹായിച്ചതായും മേയർ പറഞ്ഞു.

ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ശുചീകരണ ചുമതലയുണ്ടിയിരുന്നു. മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരും നേരിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇലകളും മറ്റ് മാലിന്യങ്ങളും നീക്കിയതിന് പിന്നാലെ രാത്രി റോഡുകൾ കഴുകി വൃത്തിയാക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. ടാങ്കറുകളിൽ വെള്ളം എത്തിച്ച് കൃത്രിമ മഴ പെയ്യിച്ചാണ് അവസാനഘട്ട ശുചീകരണം നടന്നത്.
أحدث أقدم