
വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം സംഭവിച്ചു. രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വിജയിയുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആളുകൾ ബാരിക്കേഡുകൾ മറിച്ചിട്ട് ഓടിയതും തിക്കും തിരക്കുമുണ്ടാക്കിയതും സാഹചര്യത്തെ കൂടുതൽ വഷളാക്കി. ബാരിക്കേഡുകൾ ചാടി കടക്കുന്നതിനിടെ പലരും താഴെ വീഴുകയും പരിക്കേൽക്കുകയും ചെയ്തതായി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇതിനുമുമ്പ് കരൂരിൽ നടന്ന റാലിക്കിടെ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. തുടർച്ചയായ ഇത്തരം അപകടങ്ങൾ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തുന്നു.
പോലീസ് ഏറെ പണിപ്പെട്ടാണ് ആളുകളെ നിയന്ത്രിച്ചത്. സ്ഥലത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.