പത്തനംതിട്ട: കോൺഗ്രസിന്‍റെ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും നീക്കി താലൂക്ക് ഓഫീസര്‍. റേഷന്‍ കാര്‍ഡില്‍ പേര് വ്യാജമായി ചേര്‍ത്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി ലഭിച്ചിരുന്നു. റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തില്‍ നിലവില്‍ താമസക്കാരില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേര് നീക്കല്‍ നടപടി സ്വീകരിച്ചത്.

മേല്‍വിലാസത്തിലെ വീടിന്റെ ഉടമസ്ഥരായ തുവയൂര്‍ തെക്ക് സ്വദേശികളായ മൂന്ന് പേര്‍ ശ്രീനാദേവിക്കെതിരെ പരാതി നല്‍കിയിരുന്നു. വീട്ടില്‍ സ്ഥിരതാമസമില്ലെന്ന് അയല്‍വാസികളും മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സപ്ലൈ ഓഫീസര്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയത്. പരാതിക്കാരുള്‍പ്പെടെ കാര്‍ഡിലുള്ള വ്യക്തികള്‍ സ്ഥിരതാമസമാക്കുമ്പോള്‍ റേഷന്‍ കാര്‍ഡ് അനുവദിക്കാമെന്നും അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.

അത് തന്റെ ബന്ധുവിന്റെ വീടാണെന്നും സ്ഥിരതാമസം ഉണ്ടായിരുന്നതാണെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. വീടിന് തനിക്ക് നിയമപരമായി ഉടമസ്ഥാവകശമുണ്ട്. തന്റെ അമ്മാവനും അമ്മായിയുമാണ് വീട്ടിലുണ്ടായിരുന്നത്. അവരുടെ മക്കളാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഇത് കുടുംബ പ്രശ്‌നമാണെന്നുമായിരുന്നു ശ്രീനാദേവി പറഞ്ഞത്.