കേരളത്തിൽ വൈദ്യുതി ആവശ്യകത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 6012 മെഗാവാട്ടാണ് പുതിയ റെക്കോർഡ്. ഈ മാസം 13-ലെ 5933 മെഗാവാട്ടിന്റെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ വീടുകളിലും ഓഫീസുകളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം കുത്തനെ കൂടിയതാണ് ഈ വർധനവിന് പ്രധാന കാരണം.
ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ കെഎസ്ഇബി ശ്രമിക്കുന്നുണ്ടെങ്കിലും, ആവശ്യകത പൂർത്തീകരിക്കാൻ പുറത്തുനിന്ന് വൻതോതിൽ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോർഡിന് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നു. ഇത് വരും മാസങ്ങളിൽ ഇന്ധന സർചാർജ് വർധിക്കാൻ കാരണമായേക്കും.
വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ രാത്രി 11 വരെ) നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അനാവശ്യ ലൈറ്റുകൾ അണയ്ക്കാനും മോട്ടോർ, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഈ സമയത്ത് പ്രവർത്തിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം.