
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, എൻഎസ്എസ് മുന്നോട്ടുവെച്ച വാദങ്ങളെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതാത് വിഭാഗങ്ങൾക്ക് തീരുമാനിക്കാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. ജാതി, വംശം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭക്തർക്ക് വിലക്കേർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോർഡ് വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം വ്യക്തികൾക്ക് മതം സ്വീകരിക്കാനും ആചരിക്കാനും അവകാശമുണ്ട്. എന്നാൽ, ഈ അവകാശം അതേ മതത്തിലെ തന്നെ മറ്റ് വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയാണ് ദേവസ്വം ബോർഡിന് വേണ്ടി കോടതിയിൽ ഹാജരായത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട്, വിവേചനപരമായ ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് ദേവസ്വം ബോർഡ് കോടതിയിൽ ഉയർത്തിയത്.