ഫാസ്റ്റാഗ് ഇല്ലെങ്കിലും ഇനി പേടിക്കേണ്ട.. ടോൾ പ്ലാസകളിൽ ഇരട്ടി തുകയ്ക്ക് പകരം യുപിഐ വഴി ലാഭത്തിൽ പോകാം...




കൊച്ചി: ദേശീയപാതകളിലെ ടോൾ ബൂത്തുകളിൽ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് ഈടാക്കി വരുന്ന ഇരട്ടി തുക ഒഴിവാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പുതിയ പരിഷ്കാരം. ഏപ്രിൽ 10 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ ടോൾ പ്ലാസകളിൽ എത്തുന്നവർക്ക് യുപിഐ വഴി പണമടച്ച് യാത്ര തുടരാം. ഇതിനായി സാധാരണ ടോൾ നിരക്കിനൊപ്പം 25 ശതമാനം അധിക തുക നൽകിയാൽ മതിയാകും.

ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ നിരക്കിന്റെ ഇരട്ടി തുക (200%) പിഴയായി നൽകേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. പകരം ഡിജിറ്റൽ മാർഗങ്ങളിലൂടെ പണമടയ്ക്കുന്നവർക്ക് വലിയ ഇളവ് ലഭിക്കും. നിലവിൽ 100 രൂപ ടോൾ നൽകേണ്ട സ്ഥാനത്ത് ഫാസ്റ്റാഗ് ഇല്ലെങ്കിൽ 200 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം യുപിഐ വഴി 125 രൂപ നൽകിയാൽ മതിയാകും. ടോൾ പ്ലാസകളിൽ കറൻസി ഇടപാടുകൾ പൂർണ്ണമായും  ഒഴിവാക്കുകയും ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതുവഴി ഗതാഗത തിരക്ക് കുറയ്ക്കാനും സാധിക്കും.

ദേശീയപാത നിരക്ക് നിർണ്ണയവും ഈടാക്കലും സംബന്ധിച്ച 2008-ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് ഏപ്രിൽ 2-ന് മന്ത്രാലയം ഉത്തരവിറക്കിയത്. രാജ്യത്തുടനീളമുള്ള ദേശീയപാതകളിൽ ഈ മാസം 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പണമായി ടോൾ നൽകുന്ന രീതി ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം.
أحدث أقدم