
പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകുന്നു. കുവൈറ്റിലെയും ബഹ്‌റൈനിലെയും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഇന്ന് ശക്തമായ ആക്രമണം നടത്തി. കുവൈറ്റിലെ വൈദ്യുത നിലയങ്ങൾ, ജല ശുദ്ധീകരണ പ്ലാന്റുകൾ എന്നിവയ്ക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ ബാപ്കോ റിഫൈനറിയിൽ വൻ തീപിടുത്തമുണ്ടായി.
രണ്ട് വൈദ്യുത നിലയങ്ങൾക്കും കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചതോടെ രാജ്യത്തെ വൈദ്യുതി-ജല വിതരണം പ്രതിസന്ധിയിലായി. വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്സിന് നേരെയും ആക്രമണമുണ്ടായി. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് മിനിസ്ട്രി കോംപ്ലക്സ് താൽക്കാലികമായി അടച്ചു.
വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ ഉൽപ്പാദനവും വിതരണവും തകർക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ബഹ്‌റൈനിലെ സിദ്റ മേഖലയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് ഇറാന്റെ ആക്രമണമുണ്ടാകുന്നത്. റിഫൈനറിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായി. എന്നാൽ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി ചെറുത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിൽ ഇന്ന് കാര്യമായ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം ആഗോള സാമ്പത്തിക രംഗത്തെയും ബാധിച്ചേക്കാം.