ജാതി അധിക്ഷേപവും പീഡനവും… നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വി. ശിവൻകുട്ടി


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം അതീവ ഗൗരവകരമായ സാഹചര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ നീതിപൂർവമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. നിതിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതിൻ മരിച്ചപ്പോൾ കോളേജിൽ നിന്ന് ഒരാൾ പോലും വീട്ടിൽ വരാതിരുന്നത് ഗൗരവമുള്ള വിഷയമാണ്. ഇത് സാധാരണ സംഭവിക്കുന്ന ഒന്നല്ല. നിതിന്റെ പിതാവ് കോളേജിൽ ചെന്നപ്പോൾ അദ്ദേഹത്തെ കേൾക്കാൻ പോലും അധികൃതർ തയ്യാറായില്ല എന്നത് പ്രതിഷേധാർഹമാണ്. കോഴ്സിന് ചേർന്ന അന്ന് മുതൽ നിതിൻ പീഡനം നേരിട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. വകുപ്പ് മേധാവി റാം ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും പരാതിയുണ്ട്.

ആത്മഹത്യാ പ്രേരണ, ജാതി അധിക്ഷേപം തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ എസ്പിയുമായി സംസാരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. നിതിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും. മുഖ്യമന്ത്രിയെ കണ്ട ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മെറിറ്റിൽ അഡ്മിഷൻ നേടി ഒന്നാം വർഷ ബിഡിഎസ് പഠനത്തിനെത്തിയ നിതിൻ രാജിന്റെ വേർപാട് വലിയ പ്രതിഷേധങ്ങൾക്കാണ് കേരളത്തിൽ വഴിവെച്ചിരിക്കുന്നത്.

أحدث أقدم