
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റ സാധ്യതകൾക്കിടെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി മോഹികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബെന്നി ബെഹ്നാൻ എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചപ്പോൾ, കെ.സി. വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ഹസീന സയിദ് രംഗത്തെത്തി.
യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ ജനം വോട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി സാമൂഹ്യമാധ്യമങ്ങളിലടക്കം നടത്തുന്ന പ്രചാരണം വോട്ടർമാരെ അവഹേളിക്കുന്നതാണെന്ന് ബെന്നി ബെഹ്നാൻ കത്തിൽ ചൂണ്ടിക്കാട്ടി. പാർട്ടിയിൽ ഉടലെടുത്തിരിക്കുന്ന ഇത്തരം ‘നാണംകെട്ട’ പ്രവണതകൾ തടയാൻ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളത്ത് നിന്നുള്ള മുഖ്യമന്ത്രി എന്ന ഡിസിസി പ്രസിഡന്റിന്റെ പരാമർശമടക്കം വിവാദമായ പശ്ചാത്തലത്തിലാണ് ഈ നീക്കം.
കേരളത്തിൽ മുഖ്യമന്ത്രിയാകാനുള്ള പിന്തുണ ഉറപ്പാക്കാൻ കെ.സി. വേണുഗോപാൽ തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചെന്ന് ഹസീന ആരോപിച്ചു. ഡിഎംകെ സഖ്യം വിടാനായിരുന്നു നീക്കം. രാഹുൽ ഗാന്ധി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക കെ.സി. ഇടപെട്ട് അട്ടിമറിച്ചെന്നും, വിജയ് ഫാൻസിന്റെ വോട്ട് കേരളത്തിൽ നേടുക എന്നതായിരുന്നു ലക്ഷ്യമെന്നും അവർ പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് നേതാക്കൾ തമ്മിൽ ഇതേച്ചൊല്ലി വാക്പോരുണ്ടായതായും അവർ വെളിപ്പെടുത്തി.