മാലദ്വീപിൽ മലയാളി അധ്യാപികയ്ക്ക് നേരെ വിദ്യാർത്ഥിയുടെ ക്രൂരമർദ്ദനം…മൂക്കിന് ഗുരുതര പരിക്ക്





ചെങ്ങന്നൂർ : മാലദ്വീപിലെ സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ മലയാളി അധ്യാപികയ്ക്ക് നേരെ വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ള (35) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മുഖത്ത് തുടർച്ചയായി ഇടിയേറ്റ സ്മിതയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്.

ഏപ്രിൽ 12-ന് മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലായിരുന്നു സംഭവം. ലബോറട്ടറിയിൽ ക്ലാസ് നടക്കുമ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥി കമ്പ്യൂട്ടറിൽ ഗെയിം കളിക്കുന്നത് സ്മിതയുടെ ശ്രദ്ധയിൽപ്പെട്ടു. പലതവണ താക്കീത് നൽകിയിട്ടും വിദ്യാർത്ഥി അനുസരിച്ചില്ല. തുടർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രിൻസിപ്പലിന് നൽകുമെന്ന് പറഞ്ഞതോടെ വിദ്യാർത്ഥി പ്രകോപിതനാവുകയായിരുന്നു. സ്മിതയുടെ കയ്യിലുണ്ടായിരുന്ന ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞശേഷം വിദ്യാർത്ഥി മുഖത്ത് തുടർച്ചയായി ഇടിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ രക്തംവാർന്ന് സ്മിത ബോധരഹിതയായി വീണു. സഹപ്രവർത്തകരായ അധ്യാപകരാണ് ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.

സ്മിതയ്ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഭർത്താവ് ദീപക് ശശിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇതിനായി മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ട്.

മാലദ്വീപിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ്. ജോലിസ്ഥലത്ത് അധ്യാപകർ നേരിടുന്ന സുരക്ഷാ ഭീഷണിയിൽ വലിയ ആശങ്കയുണ്ടെന്ന് ദീപക് വ്യക്തമാക്കി. സംഭവത്തിൽ സ്കൂൾ അധികൃതർ പ്രാദേശിക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്.
أحدث أقدم