ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി വഴിവിട്ട ബന്ധം തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ




തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെ വഴിവിട്ട് സഹായിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ സി.പി.ഒ മാരായ റിയാസ് ജെ.ആർ, മുഹമ്മദ്‌ ഷാഫി, ശ്രീകുമാർ എന്നിവരെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം പേട്ട പൊലീസ് അറസ്റ്റ് ചെയ്ത പുത്തൻപാലം രാജേഷിന് സ്റ്റേഷനിൽ വെച്ച് അവിഹിത സൗകര്യങ്ങൾ ചെയ്തുകൊടുത്തു എന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രധാന കണ്ടെത്തൽ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിക്ക് സ്വന്തം ഫോൺ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ അനുവാദം നൽകി. ഈ ഫോൺ ഉപയോഗിച്ച് രാജേഷ് തന്റെ സുഹൃത്തുക്കളെയും അഭിഭാഷകനെയും വിളിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി ആവശ്യപ്പെട്ട സാധനങ്ങൾ പുറത്തുനിന്ന് വാങ്ങി നൽകിയതായും ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുണ്ട്. തിരുവനന്തപുരം സിറ്റി ഡി.സി.പിയാണ് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. സുരക്ഷാ വീഴ്ചയും ഉദ്യോഗസ്ഥ ചട്ടങ്ങളുടെ ലംഘനവുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സസ്‌പെൻഷന് പിന്നാലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും വിശദമായ വകുപ്പുതല അന്വേഷണത്തിനും ഡി.സി.പി ഉത്തരവിട്ടു. ഗുണ്ടാ സംഘങ്ങളുമായി പൊലീസുകാർക്ക് അവിഹിത ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പ്രത്യേക സംഘം പരിശോധിക്കും. തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതിനിടെ പൊലീസുകാർ തന്നെ പ്രതികളെ സഹായിച്ചത് സേനയ്ക്ക് വലിയ നാണക്കേടായിരിക്കുകയാണ്.
أحدث أقدم