
കണ്ണൂർ: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിലും മയ്യിലിലും രാഷ്ട്രീയ അക്രമങ്ങൾ പടരുന്നു. സിപിഐഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ അനുകൂലികൾക്ക് നേരെയാണ് പയ്യന്നൂരിൽ വ്യാപക അക്രമം അരങ്ങേറിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവങ്ങൾ
കാങ്കോൽ കരിങ്കുഴിയിലുള്ള വി. കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ ഹൗസ് അക്രമികൾ തീയിട്ടു നശിപ്പിച്ചു. പോലീസ് എത്തിയാണ് തീ അണച്ചത്. മാതമംഗലം പേരൂലിലെ എം.കെ. നാരായണന്റെ കാറിന് നേരെ അക്രമികൾ സ്ഫോടകവസ്തു എറിഞ്ഞു. കഴിഞ്ഞ ദിവസം മഹാദേവ ഗ്രാമത്തിലെ ടി. പുരുഷോത്തമന്റെ വീടിന്റെ ജനലുകൾ അടിച്ചുതകർക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. സിപിഐഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പുരുഷോത്തമൻ ആരോപിച്ചു. മയ്യിലിൽ സിപിഐഎം പ്രവർത്തകൻ പി.പി. പ്രകാശന് കുത്തേറ്റു. ഇതിന് പിന്നാലെ യുഡിഎഫ് ബൂത്ത് ഏജന്റ് ഭാസ്കരന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.
പയ്യന്നൂർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നും ഇത് ചോദ്യം ചെയ്ത ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും യുഡിഎഫ് ആരോപിച്ചു. കണ്ടോത്ത് സ്കൂളിലെ ബൂത്തിൽ ഒരു സ്ത്രീ നാല് വോട്ട് ചെയ്തതായും യുഡിഎഫ് പരാതിപ്പെട്ടു.