
ബെംഗളൂരു ബിടിഎൽ നഴ്സിംഗ് കോളേജിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥി തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന്‍റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ആദിത്യന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബെംഗളൂരു ബിടിഎൽ നഴ്സിങ് കോളേജ് വിദ്യാർത്ഥി 19കാരൻ ആദിത്യന്‍റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നറിയിച്ച് ബുധനാഴ്ച ഉച്ചയോടെ കോളേജ് അധികൃതർ തിരുവനന്തപുരത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. അറിയിപ്പ് ലഭിച്ച കുടുംബം ഇന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് ആദിത്യന്‍റെ മരണവിവരം അറിഞ്ഞത്. ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് സഹപാഠികൾ നൽകിയിരിക്കുന്ന മൊഴി. തലേദിവസമടക്കം വീഡിയോ കോൾ വഴി സന്തോഷത്തോടെ സംസാരിച്ചിരുന്നു ആദിത്യൻ. മകൻ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നാണ് പിതാവ് പ്രദീപിന്‍റെ വാദം.