ഹിമാചല്‍ പ്രദേശിലെ ഊന ജില്ലയില്‍ നിന്ന് അതിക്രൂരമായ ഒരു ബാലപീഡന വാർത്തയാണ് പുറത്തുവരുന്നത്. വീടിനു പുറത്തെ മരത്തില്‍ നിന്ന് പേരയ്ക്ക പറിച്ചതിന് നാല് വയസ്സുകാരിയെ മുൻ സൈനികൻ ചങ്ങലയില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. “അങ്കിള്‍ എന്നെ രക്ഷിക്കൂ” എന്ന് കരഞ്ഞുവിളിക്കുന്ന കുട്ടിയെ ഒരാള്‍ രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്.കുട്ടി പേരയ്ക്ക മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് പ്രതി തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. ഈ വഴി കടന്നുപോയ രോഹിത് ജയ്‌സ്വാള്‍ എന്ന പ്രാദേശികവാസിയാണ് കുട്ടിയുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തുകയും അവളെ രക്ഷപ്പെടുത്തുകയും ചെയ്തത്. ഒരു ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ അംഗമാണ് ഈ പെണ്‍കുട്ടി.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത (BNS), ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ മുൻ സൈനികൻ പരസ്യമായി മാപ്പപേക്ഷിച്ചു. ഈ ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.