കള്ളവോട്ട് ചെയ്താൽ പണി കിട്ടും… ഒരു വർഷം വരെ തടവും പിഴയും… തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മുന്നറിയിപ്പ്


സംസ്ഥാനത്ത് നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പോളിംഗ് ബൂത്തുകളിൽ അതീവ ജാഗ്രതയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കള്ളവോട്ട് ചെയ്യാനോ ആൾമാറാട്ടം നടത്താനോ ശ്രമിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് കമ്മീഷൻ അറിയിച്ചു. ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് എല്ലാ ബൂത്തുകളിലും ഒരുക്കിയിരിക്കുന്നത്.

മറ്റൊരാളുടെ പേരിൽ വോട്ട് ചെയ്യുകയോ, സ്വന്തം വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ച് കുറ്റകരമാണ്. ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാൻ ശ്രമിച്ചാൽ ആൾമാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും പ്രത്യേകമായി കേസുകൾ രജിസ്റ്റർ ചെയ്യും.

വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ളവരുടെയോ മരിച്ചവരുടെയോ തിരിച്ചറിയൽ രേഖകൾ മറ്റാർക്കെങ്കിലും കൈമാറുന്നത് കുറ്റകരമാണ്. ഇത്തരത്തിൽ രേഖകൾ നൽകുന്നവർക്കെതിരെയും നിയമനടപടിയുണ്ടാകും. വോട്ടർപ്പട്ടികയിൽ ഒന്നിലധികം സ്ഥലങ്ങളിൽ പേരുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്നത് ശിക്ഷാർഹമാണ്.

പോളിംഗ് ബൂത്തിലോ പരിസരത്തോ സംഘർഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ഐപിസി 174-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ പോലീസിനോട് കമ്മീഷൻ ആവശ്യപ്പെടും. സുതാര്യമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ വോട്ടർമാർ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

أحدث أقدم