പെരിയാറിൽ വീണ് കോളേജ് വിദ്യാർഥിനി മരിച്ചു…. വിങ്ങലായി ഡിവൈഎഫ്ഐ നേതാവ് അഞ്ജന ബിജു



        

കൊച്ചി: പെരിയാറിൽ വീണ് കോളേജ് വിദ്യാർഥിനി മരിച്ചു. പെരുമ്പാവൂർ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടിൽ ബിജുവിന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജന ബിജു (22) ആണ് മരിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ ബി.എ വിദ്യാർഥിനിയാണ്.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പെരിയാറിന് കുറുകെയുള്ള ശബരിപാത പുഴയുടെ പാലത്തിൽ നിന്നാണ് അഞ്ജന പുഴയിലേക്ക് വീണത്. അപകടം കണ്ടുനിന്നവർ ഉടൻ തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി അഞ്ജനയെ പുഴയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുടക്കുഴ മേഖലയിലെ സജീവമായ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകയായിരുന്നു അഞ്ജന. നിലവിൽ ഡിവൈഎഫ്ഐ മുടക്കുഴ മേഖല വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. സിപിഎം മുടക്കുഴ ലോക്കൽ കമ്മിറ്റി അംഗം ബിന്ദുവിന്റെ മകളാണ് അഞ്ജന. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് തന്നെ നടക്കും. അനശ്വരയാണ് അഞ്ജനയുടെ സഹോദരി. അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗം മുടക്കുഴ ഗ്രാമത്തെയും സുഹൃത്തുക്കളെയും വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

Previous Post Next Post