മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ ക്രമക്കേടെന്ന് പരാതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്





മലങ്കര ടൂറിസം പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. 112 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് പരാതി. പുതിയ സർക്കാർ അധികാരമേറ്റ് ആറാം നാൾ ഉത്തരവിട്ട അന്വേഷണത്തിന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് ചുമതല.

എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടെന്നാണ് ആരോപണം. മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാൻ. 30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകിയെന്നും പദ്ധതി ലാഭത്തിന്‍റെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജൻസിക്ക് ലഭിക്കുന്ന രീതിയിലാണ് കരാർ ഉണ്ടാക്കിയിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു.

ടെൻഡർ വിളിച്ചതിന് ശേഷം രൂപീകരിച്ച ഒരു ‘കടലാസ് കമ്പനി’ക്കാണ് കരാർ നൽകിയതതെന്നും ഈ കമ്പനി മാത്രമാണ് ടെൻഡറിൽ പങ്കെടുത്തതെങ്കിലും റീ-ടെൻഡർ വിളിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ മറ്റ് പല ജലാശയ ടൂറിസം പദ്ധതികളുടെയും കരാർ ഇതേ കമ്പനിക്ക് തന്നെയാണ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് മുൻ മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയുടെ കരാർ നടപടികൾ പൂർണ്ണമായും സുതാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ പത്രമാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി തവണ പരസ്യം നൽകി ടെണ്ടർ വിളിച്ചിരുന്നതായും, എന്നാൽ ഒരു കമ്പനി മാത്രമാണ് മുന്നോട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നയപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും മുൻ മന്ത്രി പറയുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടമായി പരാതിക്കാരനായ ബേബി ജോസഫിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിച്ച ശേഷം, ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുൻ മന്ത്രിയെയും ഉദ്യോഗസ്ഥരെയും പ്രതി ചേർക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് വിജിലൻസ് കടക്കും.
أحدث أقدم