
ഭരണരംഗത്ത് പുതിയ മാതൃക തീർത്ത് ഡൽഹി സർക്കാർ. ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം (WFH) ഏർപ്പെടുത്താൻ മുഖ്യമന്ത്രി രേഖ ഗുപ്ത തീരുമാനിച്ചു. സാമ്പത്തിക അച്ചടക്കം പാലിക്കാനും വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് ഈ സുപ്രധാന നീക്കം. സർക്കാർ ഓഫീസുകൾക്ക് പുറമെ സ്വകാര്യ മേഖലയിലും ഈ രീതി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
സാധ്യമായ ഇടങ്ങളിലെല്ലാം ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കാൻ സ്വകാര്യ കമ്പനികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈനായോ ഡിജിറ്റലായോ ജോലി ചെയ്യാൻ കഴിയുന്ന മേഖലകളിൽ ഇതിന് മുൻഗണന നൽകും. ഈ സംവിധാനം ശരിയായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അറിയിപ്പ് പ്രകാരം, സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിനൊപ്പം സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിൽ (പെട്രോൾ-ഡീസൽ) 20 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചു. നേരത്തെ 200 മുതൽ 250 ലിറ്റർ വരെ ഇന്ധനം ലഭിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് ഇനി അതിൽ കുറവ് വരും. ഇതുകൂടാതെ, ആഴ്ചയിൽ ഒരു ദിവസം “നോ വെഹിക്കിൾ ഡേ” ആചരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.