2.42 കോടിയുടെ വസ്തുവകകൾ, ബാധ്യത 24ലക്ഷം; നിയുക്ത മുഖ്യമന്ത്രിയായതോടെ വീണ്ടും ശ്രദ്ധ നേടി വി.ഡി. സതീശന്റെ ആസ്തി വിവരങ്ങൾ


വി. ഡി. സതീശൻ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളും വീണ്ടും ശ്രദ്ധനേടുകയാണ്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂല പ്രകാരം, വി.ഡി. സതീശനും ഭാര്യയ്ക്കുമായി ഏകദേശം 1.22 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്. വീടും സ്ഥലവും ഉൾപ്പെടെ പൈതൃകമായി കിട്ടിയതും സ്വന്തമായി വാങ്ങിയതുമായ 2.42 കോടി രൂപ മൂല്യമുള്ള വസ്തുവകകളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിലുണ്ട്.

പണവും സ്വർണവും ഉൾപ്പെടെ 53,82,286 രൂപയുടെ നിക്ഷേപമാണ് വി.ഡി. സതീശന്റെ പേരിലുള്ളത്. ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുമ്പോൾ സതീശന്റെ കൈവശം 64,000 രൂപയും ഭാര്യയുടെ കൈവശം 9,000 രൂപയും ഉണ്ടായിരുന്നതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.സതീശന്റെ പേരിൽ 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വർണവുമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണവും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മകൾ ഉണ്ണിമായയുടെ പേരിൽ 9.61 ലക്ഷം രൂപ മൂല്യമുള്ള കാറും ഉണ്ടെന്നാണ് വിവരങ്ങൾ.


പൈതൃക സ്വത്തും സ്വന്തമായി വാങ്ങിയ ഭൂമിയും—


വീടും സ്ഥലവും ഉൾപ്പെടെ പൈതൃകമായി ലഭിച്ചതും സ്വന്തമായി വാങ്ങിയതുമായ 2,42,63,816 രൂപ മൂല്യമുള്ള വസ്തുവകകൾ വി.ഡി. സതീശന്റെ പേരിലുണ്ട്. പറവൂരിലെ 30 സെന്റും വീടും, നെട്ടൂരിലെ 33.5 സെന്റും ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് പ്രധാനമായും രേഖപ്പെടുത്തിയിരിക്കുന്നത്.


ഭാര്യയുടെ പേരിൽ പൈതൃകമായി ലഭിച്ച 1,85,27,520 രൂപ മൂല്യമുള്ള ഭൂമിയുമുണ്ട്.


ലോൺ ബാധ്യതകളും കേസുകളും—


മകളുടെ പേരിലുള്ള കാറിന്റെ ലോൺ 3,29,319 രൂപയും ഹൗസിങ് ലോൺ 11,71,316 രൂപയും ഉൾപ്പെടെ വി.ഡി. സതീശന് 24,00,635 രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയുടെ പേരിൽ 17,45,000 രൂപയുടെ ബാധ്യതയും രേഖപ്പെടുത്തിയിട്ടുണ്ട്.


കൂടാതെ തന്റെ പേരിൽ 18 കേസുകളുണ്ടെന്നും സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Previous Post Next Post