തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്…. മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി


        

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭായോഗത്തിൽ പ്രത്യേക കേസായി പരിഗണിച്ചാണ് ഈ ധനസഹായം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വേണുവിന്റെ മരണത്തിൽ ചികിത്സാപ്പിഴവ് സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

City & Local Guides

ഹൃദയാഘാതത്തെ തുടർന്ന് 2025 നവംബർ 1-നാണ് വേണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടും അഞ്ചുദിവസത്തോളം യാതൊരുവിധ ചികിത്സയും നൽകാതെ വേണുവിനെ കിടത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. മരണത്തിന് തൊട്ടുമുമ്പ് വേണു തന്റെ സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നത് വലിയ വിവാദങ്ങൾക്കും പൊതുജനരോഷത്തിനും കാരണമായിരുന്നു. ആദ്യഘട്ടത്തിൽ ചികിത്സാ പിഴവുകൾ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് മെഡിക്കൽ കോളജ് അധികൃതർ രംഗത്തെത്തിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (DME) പ്രത്യേക അന്വേഷണം നടത്തി.

രോഗിയെ ആദ്യം പ്രവേശിപ്പിച്ച കൊല്ലം ജില്ലാ ആശുപത്രി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ വീഴ്ച സംഭവിച്ചു. ചികിത്സ ലഭ്യമാക്കുന്നതിൽ വിവിധ ആശുപത്രികൾക്കും അവിടുത്തെ ജീവനക്കാർക്കും ഗുരുതരമായ അനാസ്ഥയുണ്ടായി. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വേണുവിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

        

أحدث أقدم