യുഎഇയിൽ താപനില ഉയരും; കാറ്റും പൊടിക്കാറ്റും കനക്കാൻ സാധ്യത...


അബുദാബി : യുഎഇയിൽ
വരുംദിവസങ്ങളിൽ ചൂട് നേരിയ തോതിൽ വർധിക്കുമെന്നും ശക്തമായ കാറ്റിനെത്തുടർന്ന് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം പൊതുവേ തെളിഞ്ഞതാണെങ്കിലും പൊടിപടലങ്ങൾ നിറഞ്ഞ അവസ്ഥയിലായിരിക്കും.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ദൃശ്യപരത കുറച്ചേക്കും. സാധാരണ ഗതിയിൽ തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് 43 ഡിഗ്രി മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോൾ മലയോര മേഖലകളിൽ ഇത് 29 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

ഇന്ന്  താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും വെള്ളിയാഴ്ചയോടെ ചൂട് വീണ്ടും വർധിക്കും. വാരാന്ത്യം വരെ ഈ പൊടിപിടിച്ച അന്തരീക്ഷവും താപനിലയിലെ വ്യതിയാനവും തുടരാനാണ് സാധ്യത. അറബിക്കടലിലും ഒമാൻ കടലിലും വൈകിട്ടോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ ഉള്ളവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം.
أحدث أقدم