കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഹൃദ്യമായ ഭാഷയിൽ ആശംസകൾ നേർന്ന് പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സതീശനും സംഘത്തിനും പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വി.ഡി. സതീശൻ നയിച്ച ‘പുതുയുഗയാത്ര’യ്ക്കിടെ ഉണ്ടായ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഔസേപ്പച്ചന്റെ കുറിപ്പ്.

അമേരിക്കയിലായിരുന്ന താൻ ശനിയാഴ്ചയാണ് തിരിച്ചെത്തിയതെന്നും പുതിയ മുഖ്യമന്ത്രിയെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗയാത്ര തൃശൂരിലെത്തിയപ്പോഴാണ് സതീശനുമായി താൻ ആദ്യമായി സംസാരിക്കുന്നത്. യാത്രയ്ക്കിടെ നടന്ന പരിപാടിയിൽ അന്തരിച്ച സംഗീതസംവിധായകൻ ജോൺസൺ മാഷിന് വേണ്ടിയുള്ള ഒരു ആവശ്യം താൻ സതീശനോട് ഉന്നയിച്ചിരുന്നു. തന്റെ മാത്രമല്ല, അവിടെ പങ്കെടുത്ത എല്ലാവരുടെയും ആവശ്യങ്ങൾ അദ്ദേഹം സസൂക്ഷ്മം കേൾക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഔസേപ്പച്ചൻ ഓർമ്മിക്കുന്നു. “ഇതുപോലൊരു മുഖ്യമന്ത്രിയെ ലഭിച്ചത് നമ്മുടെ ഭാഗ്യമായി കരുതുന്നു. സതീശനും ടീമിനും ഹൃദയത്തിൽ നിന്നുള്ള ആശംസകൾ നേരുന്നു” എന്നും അദ്ദേഹം കുറിച്ചു.

ഔസേപ്പച്ചന്റെ കുറിപ്പ്….

ഒരു മാസത്തെ അമേരിക്കൻ യാത്ര കഴിഞ്ഞ് ഇന്നാണ് നാട്ടിലെത്തിയത്. തിരിച്ചു എത്തിയപ്പോൾ നമുക്കു ഒരു പുതിയ മുഖ്യമന്ത്രിയെ ലഭിച്ചതിൽ അതിയായ സന്തോഷം. തൃശൂരിലെ പുതുയുഗയാത്ര പരിപാടിയിൽ ആണ് ശ്രീ വി.ഡി. സതീശനുമായി ഞാൻ ആദ്യമായി നേരിട്ട് ആശയ വിനിമയം നടത്തുന്നത്. എന്റെ സുഹൃത്തും നിങ്ങളുടെയെല്ലാം സ്വന്തം ജോൺസൺ മാഷിന് വേണ്ടി ഞാൻ അന്നൊരു ആവശ്യവും ഉന്നയിച്ചിരുന്നു. എന്നെ പോലെ ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ ജനങ്ങളുടെയും ആവശ്യങ്ങൾ സസൂക്ഷ്മം കേൾക്കുകയും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു ശ്രീ വി.ഡി. സതീശൻ. ഇത് പോലെ ഒരു നേതാവിനെ തന്നെ മുഖ്യമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യം ആയി കരുതുന്നു. ശ്രീ വി.ഡി. സതീശനും അദ്ദേഹത്തിന്റെ ടീമിനും എന്റെ ഹൃദയത്തിൽ നിന്നുള്ള ആശംസകൾ നേരുന്നു.