മുണ്ടക്കയം: മുണ്ടക്കയം പെരുവന്താനത്ത് കൂറ്റൻ കല്ല് റോഡിലേക്ക് അടർന്നു വീണ് കെ.എസ്.ആർ.ടി.സി യാത്രക്കാരന് പരിക്ക്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം.
ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ പെരുവന്താനത്തിനു സമീപമാണ് സംഭവം. റോഡിനു മുകൾ ഭാഗത്തായി അപകടാവസ്ഥയിൽ നിന്നിരുന്ന ഒരു കൂറ്റൻ കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ പിൻഭാഗത്ത് ഒരു വശത്തേക്കാണ് കല്ല് പതിച്ചത്.
അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു. കല്ല് വന്നു ഇടിച്ച ബസ്സിന്റെ പിൻഭാഗം ഭാഗികമായി തകർന്നു. പുലർച്ചെ സമയമായതിനാലും റോഡിൽ വാഹനങ്ങൾ കുറവായതിനാലും വലിയൊരു അപകടമാണ് ഒഴിവായത്. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുവന്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മഴക്കാലമെത്തുന്നതോടെ മുണ്ടക്കയം മുതൽ കിഴക്കൻ മേഖലകളിലേക്കുള്ള ഈ പാതയിൽ മണ്ണിടിച്ചിലും കല്ലുകൾ റോഡിലേക്ക് പതിക്കുന്നതും പതിവാണ്. ദേശീയപാതയിൽ കുട്ടിക്കാനം വരെയുള്ള മേഖലകളിൽ അപകടകരമായി ജീവന് ഭീഷണിയായി ഇത്തരത്തിൽ നിരവധി കൂറ്റൻ പാറക്കല്ലുകളാണുള്ളത്