
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിലുണ്ടായ അതൃപ്തികൾ പരിഹരിച്ച് നേതാക്കൾ ഒന്നിക്കുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നടത്തിയ കൂടിക്കാഴ്ചയോടെ പാർട്ടിയിലെ തർക്കങ്ങൾക്ക് ശുഭപര്യവസാനമായി. എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിച്ചുവെന്നും കോൺഗ്രസിന് പുതിയ മുഖച്ഛായ കൈവന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.രമേശ് ചെന്നിത്തലയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നതായി സുധാകരൻ പറഞ്ഞു. “തന്റെ മനസ്സും വികാരവും എക്കാലവും രമേശിനൊപ്പമുണ്ടാകും” എന്ന് അദ്ദേഹം വൈകാരികമായി കൂട്ടിച്ചേർത്തു. പ്രശ്‌നപരിഹാരം എങ്ങനെയായിരുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “ചെറിയൊരു പോരായ്മ ഉണ്ടെന്ന് തോന്നുന്നു” എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് സുധാകരൻ മറുപടി നൽകിയത് കൗതുകമായി. സുധാകരനെ കാണുന്നത് എപ്പോഴും തനിക്ക് സംതൃപ്തി നൽകുന്ന കാര്യമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതൃപ്തികൾ മാറ്റിവെച്ച് പാർട്ടി തീരുമാനത്തിനൊപ്പം അദ്ദേഹം നിൽക്കുമെന്ന സൂചനയാണ് കൂടിക്കാഴ്ച നൽകുന്നത്മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരും നേരത്തെ ചെന്നിത്തലയുമായി ചർച്ച നടത്തിയിരുന്നു. സുധാകരൻ കൂടി എത്തിയതോടെ യുഡിഎഫ് ക്യാമ്പിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമായിരിക്കുകയാണ്.