വി .എൻ വാസവനെ സാറെന്ന് വിളിക്കണം ,മുൻമുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിസെക്രട്ടറി എം.വി. ഗോവിന്ദനെയും ജനങ്ങൾ പരിഹസിക്കുകയാണെന്നും നേമം ഏരിയ കമ്മിറ്റി യോഗത്തിൽ പ്രാദേശിക നേതാക്കൾ



തിരുവനന്തപുരം: മുൻമന്ത്രി വി. ശിവൻകുട്ടിയെ പരാജയപ്പെടുത്താൻ സി.പി.എം. നേതാക്കൾ ലക്ഷങ്ങൾ വാങ്ങിയെന്ന് സി.പി.എം. നേമം ഏരിയ കമ്മിറ്റി യോഗത്തിൽ ആരോപണം. പാപ്പനംകോടുനിന്നുള്ള അംഗമാണ് ആരോപണം ഉന്നയിച്ചത്. ബി.ജെ.പി.യിൽനിന്നാണ് പണം കൈപ്പറ്റിയതെന്നും ഈ വിഷയം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ വെയ്ക്കണമെന്നും ആവശ്യമുയർന്നു.
ഏതാനും ദിവസംമുമ്പ് നടന്ന ജില്ലാക്കമ്മിറ്റിയിലും ഇതേ ആരോപണം ഉയർന്നിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ. നേമം മണ്ഡലത്തിലാണ് വി. ശിവൻകുട്ടി മത്സരിച്ചത്.
മുൻമുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിസെക്രട്ടറി എം.വി. ഗോവിന്ദനെയും ജനങ്ങൾ പരിഹസിക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. 'മാൻഡ്രേക്കാ'ണോയെന്നാണ് പിണറായിയെക്കുറിച്ച് ചെറിയ കുട്ടികൾപോലും ചോദിക്കുന്നതെന്ന് ബാലരാമപുരത്തുനിന്നുള്ള നേതാവ് പറഞ്ഞു.

പാർട്ടി സെക്രട്ടറി സംസാരിക്കുന്നത് പട്ടി കടിക്കാൻ വരുന്നതുപോലെയാണെന്ന് പറഞ്ഞ ഒരംഗം അദ്ദേഹത്തിന്റെ സംസാരം അനുകരിച്ച് കാണിക്കുകയും ചെയ്തു. “പാർട്ടി സെക്രട്ടറി കടിക്കുമോ"യെന്നാണ് ജനങ്ങൾ ചോദിക്കുന്നതെന്നും കല്ലിയൂരിൽനിന്നുള്ള യുവനേതാവ് പറഞ്ഞു. എം.വി. ഗോവിന്ദനെ പാർട്ടിസെക്രട്ടറിയായല്ല, ഇ.എം.എസ്.അക്കാദമി നേതൃത്വത്തിലാണ് കൊണ്ടിരുത്തേണ്ടതെന്നും പരിഹസിച്ചു.

പ്രകാശ് കാരാട്ടിനും വൃന്ദ കാരാട്ടിനും മാത്രമല്ല, പിണറായി വിജയനും പ്രായപരിധി ബാധകമാക്കണം. പാർട്ടിസെക്രട്ടറിസ്ഥാനം കണ്ണൂരിൽനിന്നുള്ളവർക്ക് മാത്രമായി സംവരണം ചെയ്‌തിരിക്കുകയാണോയെന്നും അംഗങ്ങൾ ചോദിച്ചു. 35 വർഷമായി കണ്ണൂരിൽനിന്നുള്ളവരാണ് പാർട്ടി സെക്രട്ടറിയാകുന്നത്.

സഹകരണമേഖലയിലെ യൂണിയൻ നേതാക്കൾ മുൻമന്ത്രി വി.എൻ. വാസവനെ കാണാനെത്തിയപ്പോൾ സാർ എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും
 വിമർശനം ഉയർന്നു. സഖാവേയെന്ന് വിളിച്ചപ്പോഴാണ് സാറെന്ന് വിളിക്കാൻ പറഞ്ഞതെന്നായിരുന്നു വിമർശനം.

തിരുവനന്തപുരം ജില്ലാസെക്രട്ടറി സ്ഥാനം എം.പി.യെയും എം.എൽ.എ.യെയും ചുറ്റിത്തിരിയുകയാണ്. മറ്റാരെയും പുതിയ സെക്രട്ടറി ആക്കാത്തതെന്തെന്നും അംഗങ്ങൾ ചോദിച്ചു. മുൻമേയർ ആര്യ രാജേന്ദ്രൻ, മുൻമന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, എം.ബി. രാജേഷ് എന്നിവർക്കെതിരെയും യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു.


أحدث أقدم