നോട്ട വോട്ടിൽ വർധന… വിജയിച്ച മത്സരാർഥിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ 'നോട്ട’ നേടി…




കൊച്ചി: ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ‘നോട്ട’ നേടിയത് ഒന്നേകാൽ ലക്ഷത്തോളം വോട്ടുകളാണ്. ഒരു മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും രണ്ടിടത്ത് യുഡിഎഫ് സ്ഥാനാർത്ഥികളും തോറ്റത് നോട്ട പിടിച്ചതിനേക്കാൾ കുറഞ്ഞ വോട്ടിനാണ്. തെരഞ്ഞെടുപ്പിൽ നോട്ടക്ക് രണ്ടായിരത്തിലധികം വോട്ട് കിട്ടിയ മണ്ഡലങ്ങളുമുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ നോട്ടക്ക് കുത്തിയവരുടെ എണ്ണത്തിൽ 19,000ലധികം പേരുടെ വർധനവുണ്ടായി. ഒരു സ്ഥാനാർത്ഥിയോടും താൽപര്യമില്ലാത്ത വോട്ടർക്ക് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താൻ വോട്ടുയന്ത്രത്തിൽ ഉൾപ്പെടുത്തിയ ബട്ടണാണ് നോട്ട . ഇത്തവണ ഒരു സ്ഥാനാർത്ഥിയോടും തൽപര്യമില്ലെന്നറിയിച്ച് നോട്ടക്ക് കുത്തിയത് 1,23,734 പേരാണ്. സംസ്ഥാനത്ത് പോൾ ചെയ്‌ത വോട്ടിൻ്റെ 0.58 ശതമാനമാണിത്. ഭൂരിപക്ഷത്തിൽ റെക്കോഡിട്ട പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറമടക്കം 40 മണ്ഡലങ്ങളിൽ നോട്ടക്ക് ആയിരത്തിലധികം വോട്ടുണ്ട്. മഞ്ചേരിയിലാണ് നോട്ട ഇത്തവണ ഏറ്റവും കൂടുതൽ വോട്ട് പിടിച്ചത്. 3319 വോട്ടുകളാണ് ഇവിടെ നോട്ടയ്ക്ക് കിട്ടിയത്. നിലമ്പൂരിൽ 2,672 വോട്ട് നോട്ടക്ക് കിട്ടി. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിങ്ങനെ വയനാട് ജില്ലയിലെ മൂന്ന് മണ്ഡലത്തിലും നോട്ട നേടിയ വോട്ട് ആയിരം കടന്നു. മണലൂർ, അഴീക്കോട്, കഴക്കൂട്ടം മണ്ഡലങ്ങളിൽ വിജയിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് നോട്ടക്ക് ലഭിച്ചിട്ടുണ്ട്. മണലൂരിൽ ടിഎൻ പ്രതാപൻ 126 വോട്ടിന് തോറ്റപ്പോൾ നോട്ടക്ക് ലഭിച്ചത് 676 വോട്ടാണ്. അഴീക്കോട് മുസ്ലിം ലീഗ് സ്ഥാനാർഥി കരീം ചേലേരി തോറ്റത് 349 വോട്ടിനാണ്. ഇവിടെ നോട്ട 576 വോട്ട് പിടിച്ചു. കടകംപള്ളി സുരേന്ദ്രൻ 428 വോട്ടിന് തോറ്റ കഴക്കൂട്ടത്ത് 981 പേർ നോട്ടയെയാണ് തെരഞ്ഞെടുത്തത്.
أحدث أقدم