തീക്കൊള്ളികൊണ്ട് തല ചൊറിയരുത്, തെരുവിലെ കളി അവസാനിപ്പിക്കണം


മുഖ്യമന്ത്രിക്കസേരയുടെ പേരിൽ തെരുവിൽ നടക്കുന്ന പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണ്. സംഘടന മര്യാദ പാലിക്കണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയവർ കോൺഗ്രസുകാരല്ല. കെ സി വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രമുണ്ടെങ്കിൽ അതും നശിപ്പിക്കുമായിരുന്നു. സംഘടന ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റും. കേരളത്തിലെ ഒരു കോൺഗ്രസ് നേതാക്കളും മിണ്ടുന്നില്ല. സമൂഹ മാധ്യമങ്ങളിൽ ആക്രമിക്കപ്പെടുമെന്ന് നേതാക്കൾക്ക്‌ പേടിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കൾക്ക്‌ അവസാനം വരെ പൊരുതാം. തെരുവ് യുദ്ധം നടത്തരുത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഒരു എതിർ ശബ്ദവും ഉയരില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു
أحدث أقدم