ബിജെപി നിയമസഭാ കക്ഷി നേതാവായി വി. മുരളീധരൻ…. കോർ കമ്മിറ്റിയിൽ ശോഭയ്ക്കും സുരേന്ദ്രനും രൂക്ഷവിമർശനം


കേരള നിയമസഭയിലെ ബിജെപി കക്ഷി നേതാവായി മുതിർന്ന നേതാവ് വി. മുരളീധരനെ നിയോഗിക്കാൻ പാർട്ടി കോർ കമ്മിറ്റിയിൽ ധാരണയായി. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ രാജീവ് ചന്ദ്രശേഖറിന്റെ പേരും പരിഗണനയിൽ വന്നിരുന്നെങ്കിലും ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം ചൂണ്ടിക്കാട്ടി മുരളീധരനെ നിശ്ചയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് അവലോകനം നടന്ന കോർ കമ്മിറ്റി യോഗത്തിൽ കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. വോട്ട് വിഹിതം വർധിച്ചെങ്കിലും മണ്ഡലങ്ങൾ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്ന് നേതാക്കൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും, വർഷങ്ങളായി മണ്ഡലത്തിൽ കേന്ദ്രീകരിച്ചവർ ജയിച്ചു കയറിയെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കഴക്കൂട്ടവും ചാത്തന്നൂരും ഇതിന് ഉദാഹരണമായി യോഗം വിലയിരുത്തി. ക്രൈസ്തവ സഭയ്ക്കെതിരായ പരാമർശങ്ങളിൽ പി.സി. ജോർജിനെയും മകൻ ഷോൺ ജോർജിനെയും യോഗം തള്ളിപ്പറഞ്ഞു. ഇവരുടെ പരാമർശങ്ങൾ അനവസരത്തിലുള്ളതാണെന്നും പാർട്ടിയുടെ താൽപ്പര്യങ്ങളെ അത് ബാധിച്ചുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെ വി. മുരളീധരനും കെ. സുരേന്ദ്രനും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സ്ഥാനാർത്ഥി നിർണ്ണയം ഏകപക്ഷീയമായി നടത്തിയെന്നും സംഘടന കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നില്ലെന്നുമാണ് ആരോപണം. പാലക്കാടും തൃശൂരും ഉണ്ടായ വോട്ടുചോർച്ചയെക്കുറിച്ച് ഗൗരവമായ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.


നാളെ രാവിലെ 10 മണിക്ക് മാരാർജി ഭവനിൽ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ഈ തീരുമാനങ്ങൾക്ക് അന്തിമ അംഗീകാരം നൽകും.

أحدث أقدم