ലൈഫ് മിഷനിൽ വൻ മാറ്റത്തിന് നീക്കം


        
സംസ്ഥാനത്തെ ഭവനപദ്ധതികളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി ലൈഫ് മിഷൻ പദ്ധതിയെ പൊളിച്ചെഴുതാനുള്ള നീക്കവുമായി തദ്ദേശ വകുപ്പ്. വീടുകൾ നിർമ്മിച്ച് നൽകുന്നതിനുള്ള അധികാരം കൂടുതൽ പ്രാദേശിക തലത്തിലേക്ക് കൈമാറി പഞ്ചായത്തുകൾക്ക് നേരിട്ടുള്ള ഉത്തരവാദിത്വം നൽകാനാണ് പുതിയ ആലോചന.

ഗ്രാമസഭകൾ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതികൾ നടപ്പാക്കുന്ന പഴയ രീതിയിലേക്ക് മടങ്ങാനാണ് സർക്കാർ നീക്കം. നിലവിലെ മാനദണ്ഡങ്ങൾ ആളുകൾക്ക് വീട് നൽകാതിരിക്കാൻ ഉള്ള സമീപനത്തിലാണ് രൂപപ്പെടുത്തിയതെന്ന വിമർശനവും വകുപ്പിനകത്ത് ശക്തമാണ്.


പിണറായി സർക്കാരിന്റെ കാലത്ത് അധികാര കേന്ദ്രീകരണം ശക്തമായിരുന്നുവെന്നും, ഇനി ലക്ഷ്യം അധികാര വികേന്ദ്രീകരണമാണെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് വരെ വീടുനിർമാണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ ത്രിതല പഞ്ചായത്തുകളിലൂടെയായിരുന്നു നടപ്പാക്കിയിരുന്നത്.

ഗ്രാമസഭകൾ വിളിച്ചു ചേർത്ത് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി വീട് നിർമ്മിച്ച് നൽകുന്നതായിരുന്നു മുൻകാല രീതി. എന്നാൽ പിന്നീട് അധികാരങ്ങൾ കേന്ദ്രഭരണ രീതിയിലേക്ക് മാറിയെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ.

ഭൂമിയില്ലാത്തവർക്കും വീടില്ലാത്തവർക്കും സുരക്ഷിത ഭവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2016 ഓഗസ്റ്റ് 24 -ന് ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി വഴി ഇതിനകം അഞ്ച് ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ച് വിതരണം ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.


أحدث أقدم