
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കർശന നിർദേശം നൽകി കോടതി. ശനിയാഴ്ച കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട് നൽകാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനുംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ആലുവ റൂറൽ പോലീസ് മേധാവി സുരക്ഷ ഉറപ്പാക്കണം.
അതേ സമയം, ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് നൽകിയ കത്തിലാണ് പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരൻ മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകിയത്.
ഈ വിഷയത്തിൽ പൊലീസിന്റെ നടപടികളിൽ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഭാവിയിൽ ഉണ്ടാകുന്ന പക്ഷം അത് പരിഹരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.